ഇ.പി. ജയരാജനെ നിയന്ത്രിക്കണം, മുകേഷിന്‍റെ പ്രവർത്തനം മോശം; കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ രൂക്ഷ വിമർശനം

Jaihind Webdesk
Friday, June 21, 2024

 

കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റിൽ എം. മുകേഷിനും എല്‍ഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജനും രൂക്ഷ വിമർശനം. കണ്‍വീനറെ പാർട്ടി നിയന്ത്രിക്കണം. കൊല്ലം പാർലമെന്‍റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി എന്ന നിലയിൽ മുകേഷിന്‍റെ പ്രവർത്തനം മോശമായിരുന്നുവെന്നും പാർട്ടി തീരുമാനിച്ചതുപോലെ പ്രവർത്തനം മുന്നോട്ടു പോയില്ലെന്നും വിമർശനമുയർന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എൻ.കെ. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചാരണം ഒഴിവാക്കാമായിരുന്നുവെന്നും യോഗം ചൂണ്ടിക്കാട്ടി.

എൽഡിഎഫ് കൺവീനര്‍ ഇപി ജയരാജനെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു. വോട്ടെടുപ്പ് ദിവസം ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടെന്ന ഇ.പി. ജയരാജന്‍റെ പ്രതികരണം തിരിച്ചടിയായി. കൊല്ലത്ത് മുഖ്യമന്ത്രി എത്തിയിട്ടും ന്യൂനപക്ഷ വോട്ടുകൾ അകന്നുനിന്നെന്നും വിലയിരുത്തലുണ്ടായി. മുന്നണിയെന്ന നിലയിൽ മണ്ഡലത്തിൽ ഐക്യം ഉണ്ടായില്ലെന്നും സ്വന്തം മണ്ഡലങ്ങളിൽ പോലും സിപിഐ പ്രവർത്തിച്ചില്ലെന്നും വിമർശനം ഉയർന്നു. ക്ഷേമ പെൻഷൻ മുടങ്ങിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരിച്ചടിയായെന്നും വിലയിരുത്തലുണ്ടായി.