ഇന്‍ഡിഗോയുമായുള്ള പിണക്കം അവസാനിപ്പിച്ച് ഇ.പി ജയരാജന്‍; യെച്ചൂരിയെ അവസാനമായി കാണാന്‍ ഡല്‍ഹി യാത്ര ഇന്‍ഡിഗോയില്‍

മലപ്പുറം: ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി.ജയരാജന്‍ ഡല്‍ഹിയിലേക്ക് പോയത് ഇന്‍ഡിഗോ വിമാനത്തില്‍. ഇന്‍ഡിഗോ ബഹിഷ്‌ക്കരണം അവസാനിപ്പിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് ഇന്‍ഡിഗോയില്‍ കയറിയത്. ഇന്നലെ വിട പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ അവസാനമായി കാണാനാണ് ഡല്‍ഹിയിലേക്ക് പോയത്.

2022ല്‍ മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്തതോടെയാണ് ഇന്‍ഡിഗോ ഇപിക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചത്.

വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തശേഷമായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങിയ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇപി സീറ്റുകള്‍ക്കിടയിലേക്ക് തള്ളിയിടുകയായിരുന്നു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിലക്ക് നീങ്ങിയെങ്കിലും വിമാനകമ്പനി തന്നോട് മാപ്പ് പറയാതെ ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇപി പ്രഖ്യാപനം നടത്തുകയായിരുന്നു.

എന്നാല്‍ അന്ന് കണ്ണൂരിലേക്ക് സര്‍വീസ് ഉള്ളത് ഇന്‍ഡിഗോ മാത്രമായിരുന്നു. പിന്നീട് ദീര്‍ഘനേരം ട്രെയിനില്‍ സഞ്ചരിച്ചാണ് ഇപി തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് എത്തിയത്. ആദ്യം തള്ളിപ്പറഞ്ഞ വന്ദേഭാരത് എക്‌സ്പ്രസിനെ പുകഴ്ത്തിപ്പറഞ്ഞും ഇപി വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.

Comments (0)
Add Comment