ട്രംപെത്തും മുമ്പേ നിലംപൊത്തി… മൊട്ടേറ സ്റ്റേഡിയത്തില്‍ ട്രംപിനായി ഒരുക്കിയ സ്വാഗത കവാടം കാറ്റില്‍ തകർന്നുവീണു

അഹമ്മദാബാദ് : യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ട്രംപിന്‍റെ പൊതുപരിപാടി നടക്കുന്ന മൊട്ടേറ സ്റ്റേഡിയത്തിന്‍റെ പ്രവേശന കവാടം തകര്‍ന്നുവീണു. ട്രംപിനെ സ്വാഗതം ചെയ്യാനായി ഒരുക്കിയ പ്രേവശന കവാടമാണ് തകർന്നുവീണത്. ശക്തമായ കാറ്റിനെ തുർന്നാണ് പ്രവേശന കവാടം തകർന്നതെന്നാണ് റിപ്പോർട്ട്.

ട്രംപിനെ സ്വാഗതം ചെയ്യാനായി ഉരുക്ക് കമ്പികള്‍ വെല്‍ഡ് ചെയ്തുണ്ടാക്കിയ കവാടമാണ് കാറ്റില്‍ തകര്‍ന്നത്. ഇതിനു ചുറ്റുമായി വര്‍ണ ഫ്ളക്സുകള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവമെന്ന് പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ റിപ്പോർട്ട് ചെയ്തു. പ്രധാന കവാടം തകര്‍ന്നതിന് പിന്നാലെ മറ്റൊരു കമാനവും കാറ്റില്‍ നിലംപതിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രവേശന കവാടം പെട്ടെന്ന് പുനഃസ്ഥാപിക്കാനുള്ള ജോലികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞതായും ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെയാണ് (ഫെബ്രുവരി 24) ട്രംപ് ഇന്ത്യയിലെത്തുന്നത്. ട്രംപിന്‍റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിവാദമായിരുന്നു. ട്രംപും മോദിയും റോഡ് ഷോ നടത്തുന്ന ഗുജറാത്തിലെ ചേരിപ്രദേശം മതില്‍കെട്ടി മറച്ചത് വലിയ വിവാദമായിരുന്നു. അഹമ്മദാബാദില്‍ പുതുതായി നിര്‍മ്മിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് ട്രംപ് എത്തുന്നത്.

ചിത്രം : മൊട്ടേറ സ്റ്റേഡിയത്തില്‍ ട്രംപിനെ സ്വാഗതം ചെയ്യാന്‍ പ്രവേശന കവാടം ഒരുക്കുന്നു. (ANI ചിത്രം)

Donald TrumpPM Narendra ModiMotera Stadium
Comments (0)
Add Comment