കോണ്‍ഗ്രസിന്‍റെ മഹിളാ ന്യായ്; ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുമെന്ന് ഡോ. ശശി തരൂർ

Jaihind Webdesk
Sunday, April 14, 2024

 

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുമെന്ന് തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂർ. കോൺഗ്രസ് പ്രകടനപത്രിയിൽ മുന്നോട്ടുവെച്ചിട്ടുള്ള മഹിളാ ന്യായ് പദ്ധതി ഉൾപ്പടെയുള്ള വിവിധ വനിതാ ക്ഷേമപദ്ധതികൾ ഇന്ത്യ സഖ്യം അധികാരത്തിലേറിയാൽ പ്രാവർത്തികമാക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളുമായി
ശശി തരൂർ എംപി തിരുവനന്തപുരത്ത് നടത്തിയ തുറന്ന സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ ഒട്ടനവധി വനിതകൾ സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പങ്കുവെച്ചു.

സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളാണ് സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള സ്ത്രീകൾ ശശി തരൂരുമായി നടത്തിയ തുറന്ന സംവാദത്തിൽ ചർച്ചയായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന മഹിളാ ന്യായ് പദ്ധതി ഉൾപ്പെടെ
സ്ത്രീകളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി കോൺഗ്രസ് വിഭാവനം ചെയ്തു പ്രകടനപത്രിയിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് ശശി തരൂർ വിശദമായി സംവാദത്തിൽ വിശദീകരിച്ചു. സ്ത്രീകൾക്ക് ജോലിക്ക് തുല്യ വേതനവും മഹിളകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അധികാര മൈത്രി പദ്ധതി ഉൾപ്പെടെ കോൺഗ്രസ് പ്രകടനപത്രികളിലൂടെ മുന്നോട്ടുവച്ചിരിക്കുന്ന വിവിധ സ്ത്രീ ക്ഷേമ പദ്ധതികൾ തരൂർ വിശദീകരിച്ചു.

ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്യുന്ന വികസന പദ്ധതികൾക്ക് ഫ്ലക്സ് വെച്ച് പ്രശസ്തി നേടുന്ന ശൈലി തനിക്കില്ലെന്നദ്ദേഹം ചൂണ്ടിക്കാട്ടി. 7600 കോടിയുടെ വിഴിഞ്ഞം പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപണം തന്‍റെ ഭർത്താവിനെതിരെ ഉന്നയിച്ച് പദ്ധതി തടസപ്പെടുത്തുവാൻ ശ്രമമുണ്ടായപ്പോൾ അദ്ദേഹത്തോടൊപ്പം ചേർന്നുനിന്ന് പദ്ധതി പ്രാവർത്തികമാക്കുവാൻ ധീരമായ പങ്കുവഹിച്ച വ്യക്തിയാണ് ശശി തരൂരെന്ന് സംവാദത്തിൽ പങ്കെടുത്ത
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ ഉമ്മൻ ചൂണ്ടിക്കാട്ടി. ഡോ. വിജയലക്ഷ്മി അധ്യക്ഷത വഹിച്ച സംവാദ പരിപാടിയിൽ ഡോ. ജാൻസി ജെയിംസ്, ഡോ. ബെറ്റിമോൾ മാത്യു, മറിയ ഉമ്മൻ, നദീറ സുരേഷ്, ശോഭ എന്നിവർ പങ്കെടുത്തു.