കൊവിഡിനെതിരായ പോരാട്ടത്തിൽ ആരും പട്ടിണി നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുക : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങളുമായി പ്രധാനമന്ത്രിക്ക് സോണിയ ഗാന്ധിയുടെ കത്ത്

രാജ്യത്തെ ലോക്ക് ഡൗൺ നീണ്ടു പോകുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ദേശീയ ഭക്ഷ്യ സുരക്ഷ നിയമം പ്രകാരം 5 കിലോ ധാന്യങ്ങൾ നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം 10 കിലോ ആക്കി ഉയർത്തണം. നിലവിൽ ഏപ്രിൽ മുതൽ ജൂണ്‍ വരെയാണ് 5 കിലോ ധാന്യം നൽകാൻ തീരുമാനം. ഇത് സെപ്റ്റംബർ വരെ നീട്ടണം. റേഷൻ കാർഡ് കൈവശം ഇല്ലാത്തവർക്കും കുടിയേറ്റ തൊഴിലാളികൾക്കും ഇതിന്‍റെ ഗുണം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തണം. ഇപ്പോൾ സംസ്ഥാനങ്ങൾക്ക് ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നത് വരാനിരിക്കുന്ന വിളവെടുപ്പ് കാലത്ത് കൂടുതൽ ധാന്യങ്ങൾ സംഭരിക്കാൻ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ സഹായിക്കും എന്നും കോണ്‍ഗ്രസ് ആദ്ധ്യക്ഷ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പറഞ്ഞു.

കത്തിന്‍റെ പൂർണരൂപം വായിക്കാം…

“ലോക്ക്ഡൗൺ കാരണം രാജ്യത്തുടനീളം ലക്ഷക്കണക്കിന് ദുർബലരായ ആളുകൾ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു. നിലവില്‍ രാജ്യവ്യാപകമായി പടരുന്ന ഇത്തരം പകർച്ചവ്യാധികള്‍ പോലുള്ള അത്യാവശ്യസന്ദർഭങ്ങള്‍ക്കായുള്ള കരുതല്‍ ഭക്ഷ്യധാന്യങ്ങളുടെ കലവറ ഉള്ള ഇന്ത്യയില്‍ ഇങ്ങനൊരു അവസ്ഥ ഉണ്ടാകുന്നത് ദാരുണമാണ്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം (എൻ‌എഫ്‌എസ്‌എ) അവകാശപ്പെട്ട സാധനങ്ങൾക്ക് പുറമെ ഓരോ വ്യക്തിയ്ക്കും 5 കിലോഗ്രാം ധാന്യം കൂടി 2020 ഏപ്രിൽ മുതൽ ജൂൺ വരെ സൗജന്യമായി നൽകാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നിരുന്നാലും, ലോക്ക്ഡൗണിന്‍റെ പ്രതികൂലഫലവും ആളുകളിലും അവരുടെ ഉപജീവനമാർഗ്ഗങ്ങളിലും നാളുകളോളം നീണ്ടുനിൽക്കാനും സ്വാധീനംചെലുത്താനും കഴിയുന്ന അനന്തരഫലങ്ങള്‍ കണക്കിലെടുത്ത്, കുറച്ച് നിർദ്ദേശങ്ങൾ പരിഗണിക്കാനായി എഴുതുന്നു.

ഒന്നാമതായി, എൻ‌എഫ്‌എസ്‌എ ഗുണഭോക്താക്കൾക്ക് ഓരോ വ്യക്തിക്കും 10 കിലോ ധാന്യം നൽകുന്നത് 3 മാസത്തേക്ക് കൂടി, അതായത് 2020 സെപ്റ്റംബർ വരെ നീട്ടണം. ഈ ഗുണഭോക്താക്കൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഭക്ഷ്യ അവകാശങ്ങൾ സൗജന്യമായി നൽകാവുന്നതാണ്.

രണ്ടാമതായി, ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്ന, എന്നാല്‍ റേഷൻ കാർഡുകൾ കൈവശം ഇല്ലാത്തവർക്കും 6 മാസത്തേക്ക് ഓരോ വ്യക്തിക്കും 10 കിലോ ധാന്യം വീതം സൗജന്യമായി നൽകാവുന്നതാണ്. കടുത്ത ദുരിതം അനുഭവിക്കുന്ന എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും എൻ‌എഫ്‌എസ്‌എ കാർഡുകൾ കൈവശം ഉണ്ടാകണമെന്നില്ലെന്ന കാര്യം താങ്കളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മാത്രമല്ല, അർഹരായ നിരവധി ആളുകള്‍ എൻ‌എഫ്‌എസ്‌എ ലിസ്റ്റുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

നിലവിലെ പ്രതിസന്ധി താരതമ്യേന ഭക്ഷ്യസുരക്ഷിത കുടുംബങ്ങളെപ്പോലും ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടിരിക്കുകയാണ്. എൻ‌എഫ്‌എസ്‌എയുടെ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തിന്‍റെയും അവകാശം  നിർണ്ണയിക്കുന്നതിന് 2011 മുതലുള്ള ജനസംഖ്യാ വർദ്ധനവ് പരിഗണിച്ചിട്ടില്ല.

സപ്ലൈ ചെയിൻ തടസ്സങ്ങൾ വിലക്കയറ്റത്തിന് കാരണമാകുന്ന ഒരു ഘട്ടത്തിൽ,  ഭക്ഷ്യവിലക്കയറ്റത്തിനെതിരെ ജനങ്ങളെ സംരക്ഷിക്കുന്നതിന് മേൽപ്പറഞ്ഞ നടപടികൾ നിർണ്ണായകമാണ്.  കൂടാതെ, മുകളിൽ സൂചിപ്പിച്ചതുപോലെ സംസ്ഥാനങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങൾ പുറത്തുവിടുന്നത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യ (എഫ്.സി.ഐ) യ്ക്ക് ഗോതമ്പിന്‍റെയും അരിയുടെയും വേനല്‍ക്കാലവിളവെടുപ്പിന്‍റെ സംഭരണത്തിന് ​​ഇടം സൃഷ്ടിക്കാനും സഹായിക്കും.

പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിനിടെ ആരും പട്ടിണി നേരിടുന്നില്ലെന്ന് ഉറപ്പാക്കണം.”

PM Narendra ModiSonia Gandhi
Comments (0)
Add Comment