K C Venugopal M P| ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കണം: കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാല്‍ എം.പി

Jaihind News Bureau
Monday, November 3, 2025

ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തുനല്‍കി. വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ മദ്യലഹരിയിലായിരുന്ന അക്രമി ട്രാക്കിലേക്ക് തള്ളിയിട്ട സംഭവം ചൂണ്ടിക്കാട്ടിയാണ് എം.പി.യുടെ ഇടപെടല്‍.

വര്‍ക്കലയിലെ സംഭവം ഒറ്റപ്പെട്ട ഒന്നായി കാണാന്‍ കഴിയില്ലെന്നും ഓടുന്ന ട്രെയിനുകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നു. അക്രമിയായ വ്യക്തി അപകടത്തില്‍പ്പെട്ട യുവതിയുടെ സുഹൃത്തുക്കളെയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു. റെയില്‍വേ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് ലഭിച്ച പരാതികളിലെ വന്‍ വര്‍ധനവ് എം.പി. ചൂണ്ടിക്കാട്ടി.

2023-24 കാലയളവില്‍ ലഭിച്ചത് 4.57 ലക്ഷം പരാതികളായിരുന്നെങ്കില്‍, 2024-25-ല്‍ ഇത് 7.5 ലക്ഷമായി ഉയര്‍ന്നു. ഈ കണക്കുകള്‍ യാത്രക്കാര്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കുന്നതില്‍ റെയില്‍വേ പുലര്‍ത്തുന്ന അനാസ്ഥയും അലംഭാവവും വ്യക്തമാക്കുന്നുവെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകളും നടപടികളും അടിയന്തരമായി സ്വീകരിക്കണം. കൂടാതെ, വര്‍ക്കലയില്‍ ആക്രമണത്തിന് ഇരയായ യുവതിക്ക് മതിയായ ചികിത്സാ സഹായം റെയില്‍വേ മന്ത്രാലയം നല്‍കാന്‍ തയ്യാറാകണമെന്നും കെ.സി. വേണുഗോപാല്‍ റെയില്‍വേ മന്ത്രിയോട് ആവശ്യപ്പെട്ടു.
ഈ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, അടിയന്തരവും ഫലപ്രദവുമായ നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.