എൻജിനീയറുടെ വ്യാജ ഒപ്പിട്ട് കെട്ടിട പെർമിറ്റ് ; കരാറുകാരനെതിരെയുള്ള അന്വേഷണം എങ്ങുമെത്തിയില്ല

Jaihind News Bureau
Tuesday, February 11, 2020

എൻജിനീയറുടെ വ്യാജ ഒപ്പിട്ട് കെട്ടിട പെർമിറ്റ്‌ നൽകിയ കരാറുകാരനെതിരെയുള്ള അന്വേഷണം എങ്ങുമെത്തിയില്ല. 15 വർഷമായി തന്‍റെ പേരിൽ ആൾമാറാട്ടം നടത്തിയ കോഴിക്കോട് സ്വദേശിക്കെതിരെ പോലീസ് സ്റ്റേഷനും സർക്കാർ ഓഫീസുകളും കയറിയിറങ്ങുകയാണ് സുനിൽ എന്ന എഞ്ചിനീയർ.

കോഴിക്കോട് കക്കോടി സ്വദേശി എ ഗ്രേഡ് എൻജിനീയറായ സുനിലിന്റെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് വലിയ കെട്ടിടങ്ങൾക്കു പെർമിറ്റ്‌
അനുവദിച്ചു നൽകിയതിന്‍റെ പേരിൽ വെസ്റ്റിൽ സ്വദേശിയായ ഗിരീഷ് കുമാറിനെതിരെ നേരത്തെ പോലീസ് കേസ് എടുത്തിരുന്നു. സുനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ് എടുത്തത്. വ്യാജ സീൽ ഉപയോഗിച്ച് നിരവധി കെട്ടിടങ്ങൾക്കു പെർമിറ്റ്‌ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത ഇയാൾക്കെതിരെ മൂന്ന് സ്റ്റേഷനുകളിലായി മൂന്ന് പരാതികളാണ് സുനിൽ നൽകിയത്. എന്നാൽ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടശേഷം കേസുമായി ബന്ധപെട്ടു യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് സുനിൽ ആരോപിക്കുന്നു.

2017 ൽ പരാതി നൽകിയിട്ടും നടപടികൾ പൂർത്തിയായിട്ടില്ല. കോഴിക്കോട് ആനിഹാൽ റോഡിൽ നിർമാണത്തിൽ ഉണ്ടായിരുന്ന കെട്ടിടതിന് സമീപത്തു നിന്നും മണ്ണിടിഞ്ഞു വീണു രണ്ട് തൊഴിലാളികൾ അപകടത്തിൽപെട്ടതോടെയാണ് വ്യാജ ഒപ്പും സീലും ഉപയോഗിച്ച് തന്റെ പേരിൽ പെർമിറ്റ്‌ അനുവദിക്കുന്നതായി സുനിൽ മനസിലാക്കുന്നത്. അന്ന് വിശദീകരണം ആവശ്യപ്പെട്ടു അധികൃതരിൽ നിന്നും നോട്ടീസ് വന്നെങ്കിലും
വ്യാജ ഒപ്പും സീലുമാണെന്നു ഉദ്യോഗസ്ഥർക്ക് ബോധ്യപെടുകയായിരുന്നു. കഴിഞ്ഞ 15 വർഷമായി വഞ്ചിക്കപെട്ടതിൽ നീതി തേടി പോലീസ് സ്റ്റേഷനുകളും സർക്കാർ ഓഫീസുകളിലും അലയുകയാണ് എൻജിനീയറായ സുനിൽ.

https://www.youtube.com/watch?v=leR2urQQMAo