സ്വപ്നയുടെ വെളിപ്പെടുത്തല്‍: അന്വേഷണം കടുപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ്; മുഖ്യമന്ത്രിയെയും കുടുംബത്തെയും ചോദ്യം ചെയ്തേക്കും

Jaihind Webdesk
Wednesday, June 8, 2022

 

കൊച്ചി : ഒരിടവേളയ്ക്ക് ശേഷം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സ്വപ്നാ സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലില്‍ തുടരന്വേഷണം വേണമെന്ന നിലപാടിലാണ് ഇ‍ഡി. രഹസ്യമൊഴിയുടെ പകര്‍പ്പാവശ്യപ്പെട്ട് ഇ.ഡി ഉടന്‍ കോടതിയെ സമീപിക്കും.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ഇഡി നേരത്തെ കുറ്റപത്രം നല്‍കിയെങ്കിലും സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് തടസമില്ല. കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള പങ്ക് അക്കമിട്ട് നിരത്തിയാണ് സ്വപ്ന നല്‍കിയ പുതിയ രഹസ്യ മൊഴി. ഇത് സ്വപ്ന തന്നെ കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുമ്പാകെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സമാന ആരോപണം സ്വപ്ന ഉയര്‍ത്തിയിരുന്നെങ്കിലും ഇത്ര ഗുരുതരമായ ആരോപണം ആയിരുന്നില്ല അത്.

മുഖ്യമന്ത്രി, മകള്‍, ഭാര്യ, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മുന്‍ മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് വിദേശത്തേക്ക് കറന്‍സി കടത്തിയ ഇടപാടില്‍ ഏത് തരത്തിലുള്ള പങ്കാണുള്ളതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. കള്ളപ്പണ ഇടപാട് സംബന്ധിച്ചതാണ് വെളിപ്പെടുത്തല്‍ എന്നതിനാല്‍ മൊഴി പകര്‍പ്പ് പരിശോധിച്ച്‌ പ്രഥമദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടരന്വേഷണം ആരംഭിക്കാനാണ് ഇഡിയുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് അന്വേഷണ ഘട്ടത്തില്‍ സ്വപ്ന, സമാനമായ രഹസ്യമൊഴി കസ്റ്റംസിന് നല്‍കിയിരുന്നു. അന്ന് മൊഴിയുടെ അടിസ്ഥാനത്തില്‍ കസ്റ്റംസ് സംഘം അന്വഷണം നടത്തിയിരുന്നെങ്കിലും 2016 ലെ സംഭവത്തിന് തെളിവ് ലഭിച്ചില്ലെന്നും കോണ്‍സുലേറ്റ് ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി അന്വേഷണം നിര്‍ത്തുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രി അടക്കമുള്ളവരെ ഒഴിവാക്കിയാണ് കസ്റ്റംസ് കുറ്റപത്രം നല്‍കിയത്.

അന്നുതന്നെ സ്വപ്നയുടെ മൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചിരുന്നെങ്കിലും മൊഴിപ്പകര്‍പ്പ് നകുന്നതിനെ കസ്റ്റംസ് എതിര്‍ക്കുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തിരുന്നു. സ്വപ്നാ സുരേഷ് നേരിട്ട് കോടതിക്ക് നല്‍കിയ മൊഴി ആയതിനാല്‍ ഇഡിക്ക് എതിര്‍പ്പില്ലാതെ തന്നെ മൊഴി പകര്‍പ്പ് നേടാനാകും. ഇതിനായി ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കാനാണ് ഇഡിയുടെ നീക്കം. മൊഴിപ്പകര്‍പ്പിന്‍റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയാണെങ്കില്‍ മൊഴികളില്‍ പേരുള്ള മുഖ്യമന്ത്രിയെയും കുടുംബത്തെയും അടക്കം ഇഡി ചോദ്യം ചെയ്തേക്കും.