എൻഡോസൾഫാൻ ദുരിതബാധിതരോട് സർക്കാരിന് കടുത്ത അവഗണന ; പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രതിപക്ഷ നേതാവ്

Jaihind News Bureau
Monday, February 1, 2021

 

കാസര്‍കോട് :  ഐശ്വര്യ കേരള യാത്രക്കിടെ  എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളും വേദനകളും ചോദിച്ചറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഡോസൾഫാൻ ഇരകൾക്ക് വേണ്ടി ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയിൽ പോയി നേടിയ ഉത്തരവ് പോലും സംസ്‌ഥാന സർക്കാർ നടപ്പാക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കോടതിവിധി അനുസരിച്ച് 6728 പേർക്ക് 5 ലക്ഷം നഷ്ടപരിഹാരത്തിന് അർഹത ഉണ്ടെന്നിരിക്കെ, 3014 പേർക്ക് മാത്രമാണ് നിലവിൽ സഹായം ലഭിച്ചിട്ടുള്ളത്. ആംബുലൻസ് സൗകര്യമോ ന്യൂറോ സർജന്റെ സേവനമോ ഒരു പാലിയേറ്റീവ് കെയർ സംവിധാനമോ ഇവിടെ കൊണ്ടുവരാൻ  സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ യു.ഡി.എഫ് സർക്കാർ മുന്നോട്ടു വെച്ച മുളിയാർ പുന:രധിവാസ ഗ്രാമം പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സായ് ട്രസ്റ്റ്‌ നിർമ്മിച്ചു നൽകിയ വീടുകൾക്ക് പട്ടയം നൽകാൻ റവന്യു വകുപ്പ് ഇടപെടുന്നില്ല. സർക്കാർ നയം ജില്ലാ കളക്ടറെക്കൊണ്ട് നടപ്പാക്കിക്കാനുള്ള ഇച്ഛാശക്തി പോലും ഈ സർക്കാരിനില്ലെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് മെഡിക്കൽ കോളേജിനോടും ടാറ്റാ ആശുപത്രിയോടുമെല്ലാം സർക്കാർ കടുത്ത അനാസ്‌ഥയാണ് കാണിച്ചിട്ടുള്ളത്. കാസര്‍കോട് ജില്ലയോട് കടുത്ത അവഗണനയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജില്ലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.