എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തി; ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍

Jaihind Webdesk
Sunday, February 3, 2019

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കടയാത്ര നടത്തി. സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെയാണ് സങ്കടയാത്ര നടത്തിയത്. സെക്രട്ടറിയേറ്റിനു മുന്നില്‍നിന്ന് സങ്കടയാത്ര നയിച്ചാണ് ഇരകളായ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ലിഫ് ഹൗസിലേക്ക് നീങ്ങിയത്. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു.

ഇതിനിടെ സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജനുമായാണ് ചര്‍ച്ച നടത്തുക. ഈ ചര്‍ച്ചയില്‍ തീരുമാനമായാല്‍ മാത്രം മുഖ്യമന്ത്രിയെ കാണാനാകൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് എന്‍ഡോസല്‍ഫാന്‍ ജനകീയ മുന്നണി അറിയിച്ചു.

സമരക്കാരോടുള്ള സര്‍ക്കാര്‍ സമീപനത്തെ വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വി.എം. സുധീരനും രംഗത്തെത്തി. സമരത്തെ മന്ത്രി കെ.കെ. ശൈലജ പരസ്യമായി തള്ളിപ്പറഞ്ഞതിനാല്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയെങ്കിലും കൃത്യമായ ഉറപ്പ് ലഭിക്കാതെ പിന്‍മാറണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം.