ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ഒരു ലഷ്‌കര്‍ ഭീകരന്‍ കൊല്ലപ്പെട്ടു, രണ്ട് തീവ്രവാദികള്‍ കുടുങ്ങിയതായി സൂചന

Jaihind News Bureau
Tuesday, May 13, 2025

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ സിന്‍പഥര്‍ കെല്ലര്‍ മേഖലയില്‍ ചൊവ്വാഴ്ച സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഒരു ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു മറ്റ് രണ്ട് ലഷ്‌കര്‍ ഭീകരര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഇവരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ് തുടരുകയാണ്.

ഏപ്രില്‍ 22ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് കരുതുന്ന പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരായ ആദില്‍ ഹുസൈന്‍ തോക്കര്‍, അലി ഭായ്, ഹാഷിം മൂസ എന്നിവരുടെ ‘ഭീകര വിമുക്ത കാശ്മീര്‍’ എന്ന തലക്കെട്ടോടുകൂടിയ പോസ്റ്ററുകള്‍ സുരക്ഷാ ഏജന്‍സികള്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഏറ്റുമുട്ടല്‍. ഷോപ്പിയാന്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ ഈ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഭീകരരെക്കുറിച്ച് വിശ്വസനീയമായ വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്.

പഹല്‍ഗാം ആക്രമണം നടന്ന് ദിവസങ്ങള്‍ക്കകം, ഏപ്രില്‍ 25ന് തോക്കറിന്റെ ബിജ്‌ബെഹാരയിലെ വസതി ജമ്മു കശ്മീര്‍ അധികൃതര്‍ ഐഇഡി ഉപയോഗിച്ച് തകര്‍ത്തിരുന്നു. ബൈസരന്‍ താഴ്വരയില്‍ പാകിസ്ഥാനി ഭീകരര്‍ക്ക് കടന്നു കയറി ആക്രമണം നടത്താന്‍ തോക്കര്‍ പ്രധാന പങ്ക് വഹിച്ചതായി കരുതപ്പെടുന്നു. തോക്കര്‍ 2018ല്‍ അടാരി-വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലേക്ക് കടക്കുകയും കഴിഞ്ഞ വര്‍ഷം താഴ്വരയിലേക്ക് നുഴഞ്ഞുകയറുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രദേശത്ത് സുരക്ഷാസേനയുടെ തിരച്ചില്‍ തുടരുകയാണ്.