KULGAM| കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

Jaihind News Bureau
Saturday, August 9, 2025

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ തീവ്രവാദികളുമായി ഒമ്പത് ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് കൂടി വീരമൃത്യു. ലാന്‍സ് നായിക് പ്രീത്പാല്‍ സിംഗ്, ശിപായി ഹര്‍മീന്ദര്‍ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്. രാത്രി മുഴുവന്‍ നീണ്ടു നിന്ന വെടിവെപ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ ഓപ്പറേഷനില്‍ പരിക്കേറ്റ സൈനികരുടെ എണ്ണം 10 ആയി.

കുല്‍ഗാമിലെ അഖലില്‍ ഒരു വനമേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് ഓഗസ്റ്റ് ഒന്നിന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. ഇടതൂര്‍ന്ന വനമേഖലയും ദുഷ്‌കരമായ ഭൂപ്രകൃതിയും ഗുഹകള്‍ പോലുള്ള ഒളിത്താവളങ്ങളും ദൗത്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തീവ്രവാദികളെ കണ്ടെത്താന്‍ ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. പാരാ കമാന്‍ഡോകളും സൈന്യത്തെ സഹായിക്കാന്‍ രംഗത്തുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബ തീവ്രവാദികളാണ് ഇവിടെ ഒളിച്ചിരിക്കുന്നതെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. രാത്രികാലങ്ങളില്‍ കാഴ്ച ഉറപ്പാക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും ദീര്‍ഘദൂര റൈഫിളുകളും ഉപയോഗിച്ചാണ് സൈന്യം പോരാടുന്നത്. തുടര്‍ച്ചയായ വെടിവെപ്പും സ്‌ഫോടനങ്ങളും കാരണം അഖല്‍ ഗ്രാമത്തിലെ താമസക്കാര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിത്താമസിച്ചു. പ്രദേശവാസികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ സഹായം നല്‍കുന്നതിനായി അധികാരികള്‍ നോഡല്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്.