ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിഹാര്‍ സ്വദേശികളായ നാല് കൊടുംകുറ്റവാളികളെ പൊലീസ് വെടിവെച്ചു കൊന്നു. ബിഹാര്‍, ഡല്‍ഹി പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് ഏറ്റുമുട്ടലുണ്ടായത്. ബിഹാറില്‍ നിന്നുള്ള കുപ്രസിദ്ധമായ സിഗ്മാ ഗാങ് എന്ന ഗുണ്ടാസംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഡല്‍ഹിയിലെ ബഹാദൂര്‍ ഷാ മാര്‍ഗില്‍ ഇന്ന് പുലര്‍ച്ചെ 2.20 നാണ് വെടിവെപ്പ് നടന്നത്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയ തട്ടിപ്പിന് ഗൂഢാലോചന നടത്താന്‍ ഇവര്‍ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ വിവരത്തെ തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ പൊലീസ് സംഘം ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസ് സംഘത്തിന് നേരെ പ്രതികള്‍ വെടിയുതിര്‍ത്തു. തിരിച്ച് നടത്തിയ വെടിവെപ്പിലാണ് നാല് പ്രതികളും കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
രഞ്ജന്‍ പഥക് (25), ബിംലേഷ് മഹ്തോ (25), മനീഷ് പഥക് (33), അമന് താക്കൂര്‍ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ ഡോ. ബി.എസ്.എ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഏറ്റുമുട്ടലില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റതായാണ് വിവരം.
ഡിസിപി സഞ്ജീവ് യാദവിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷന്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയുള്‍പ്പെടെ ബിഹാറില്‍ നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ പ്രതികളാണ്. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനായി ഡല്‍ഹി, ബിഹാര്‍ പൊലീസുകള്‍ സംയുക്തമായി അന്വേഷണം നടത്തിവരികയാണ്.