ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ത്രാല്‍ മേഖലയിലെ നാദിര്‍ ഗ്രാമത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ജെയ്ഷെ-മുഹമ്മദ് ഭീകരരെ വധിച്ചു. പുല്‍വാമ ജില്ലക്കാരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, ആമിര്‍ നസീര്‍ വാനി, യാവര്‍ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 48 മണിക്കൂറിനിടെ കേന്ദ്രഭരണ പ്രദേശത്ത് നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. രണ്ടു ദിവസം മുന്‍പ് ഷോപ്പിയാന്‍ ജില്ലയിലെ കെല്ലര്‍ മേഖലയില്‍ നടന്ന ഓപ്പറേഷനില്‍ സുരക്ഷാ സേന മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ ഭീകരരെ വധിച്ചിരുന്നു.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. തീവ്രവാദികള്‍ക്ക് പുറത്തു നിന്നുള്ള സഹായം നല്കിയവരില് ഒരാളാണ് ഇയാള്‍. പഹല്‍ഗാം ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തില്ലെങ്കിലും അവര്‍ക്കു വേണ്ട സഹായങ്ങളും ഒളിത്താവളങ്ങളും ഇയാള്‍ ഒരുക്കിക്കൊടുത്തിരുന്നു.
ചൊവ്വാഴ്ച കൊല്ലപ്പെട്ടവരില്‍ ഷോപ്പിയാന്‍ സ്വദേശികളായ ഷാഹിദ് കുട്ടെ, അദ്നാന് ഷാഫി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2023-ല്‍ ലഷ്കറില് ചേര്‍ന്ന കുട്ടെ, കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 8-ന് ഡാനിഷ് റിസോര്‍ട്ടില്‍ രണ്ട് ജര്‍മ്മന്‍ വിനോദസഞ്ചാരികള്‍ക്കും ഒരു ഡ്രൈവര്‍ക്കും പരിക്കേറ്റ വെടിവെപ്പ് സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ഷോപ്പിയാനിലെ ഹീര്‍പോറയില്‍ ഒരു ബിജെപി സര്‍പഞ്ചിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
2024-ല്‍ ഭീകരസംഘടനയില്‍ ചേര്‍ന്ന ഷാഫി, ഷോപ്പിയാനിലെ വാച്ചിയില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കാളിയാണെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഷോപ്പിയാനില്‍ കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് മൂന്ന് എകെ-47 റൈഫിളുകളും മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിരുന്നു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.