എമ്പുരാന് സംഘപരിവാറിന്റെ സെന്‍സറിംഗ് : റീ സെന്‍സെര്‍ ചെയ്ത സിനിമ കണ്ടാല്‍ മതിയെന്ന് പരിവാര്‍ശക്തികള്‍

Jaihind News Bureau
Saturday, March 29, 2025

സംഘപരിവാറിന്റെ എതിര്‍പ്പു നേരിട്ട മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രത്തിന് സംഘപരിവാര്‍ സെന്‍സറിംഗ്. പരിവാര്‍ സംഘടനകള്‍ എതിര്‍ത്ത ഭാഗങ്ങള്‍ വെട്ടിമാറ്റാനാണ് തീരുമാനം . കടുത്ത വിമര്‍ശനം നേരിട്ടഭാഗങ്ങള്‍ എഡിറ്റു ചെയ്തു മാറ്റാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചുവെന്നാണ അറിയുന്നത്. പുതിയ പതിപ്പ് തിങ്കളാഴ്ച തീയറ്ററില്‍ എത്തും.

ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പതിനേഴോളം കട്ടുകളാണ് പുതിയ കോപ്പിയില്‍ വരുത്തുന്നത്. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ വ്യക്തമാക്കുന്നു.

എമ്പുരാന്‍ സിനിമയ്ക്കെതിരായ ബിജെപി വിമര്‍ശനം സംഘപരിവാര്‍ അസഹിഷ്ണുതയുടെ ഭാഗമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ദി ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍, എമര്‍ജന്‍സി പോലുള്ള സിനിമകള്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നവയായിരുന്നു. ബിജെപി അതിനെയെല്ലാം സ്വാഗതം ചെയ്തവയാണ്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. പക്ഷേ, എക്കാലവും വര്‍ത്തമാനകാല രാഷ്ട്രീയം സിനിമകള്‍ ചര്‍ച്ച ചെയ്യാറുണ്ട്. അത് ചിലര്‍ക്ക് എതിരും അനുകൂലവുമാകും. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണതെല്ലാം. വിമര്‍ശിക്കപ്പെടുമ്പോള്‍ മാത്രം അസഹിഷ്ണുത കാണിക്കുന്നത് ശരിയാണോയെന്ന് ബിജെപി ആലോചിക്കണം.