തൊഴിലുറപ്പ് പദ്ധതി: ബിൽ അവതരണം ഇന്ന്; പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കും

Jaihind News Bureau
Tuesday, December 16, 2025

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എംജിഎൻആർഇജിഎ – MGNREGA) ഘടനയിൽ സമൂലമായ മാറ്റങ്ങൾ വരുത്തുന്നതിനുള്ള ബിൽ കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ആശ്വാസമായി നിലകൊള്ളുന്ന ഈ പദ്ധതിയെ ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. പുതിയ വ്യവസ്ഥകൾ നിലവിൽ വരുന്നതോടെ പദ്ധതിച്ചെലവിന്റെ 40 ശതമാനം വരെ സംസ്ഥാന സർക്കാരുകളുടെ ബാധ്യതയായി മാറും. അതോടൊപ്പം, നിലവിൽ സർക്കാർ അംഗീകരിച്ചിട്ടുള്ള തൊഴിലുകളുടെ പട്ടികയും പൊളിച്ചെഴുതാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഈ മാറ്റങ്ങൾ ഗ്രാമീണ മേഖലയിലെ തൊഴിലാളികൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

കേന്ദ്ര സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ശക്തമായ വിമർശനമുയർത്തി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ദുർബലപ്പെടുത്താനും ഒടുവിൽ പൂർണ്ണമായി തകർക്കാനുമുള്ള വലിയ ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. “മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന്റെ പേര് മാറ്റുക മാത്രമല്ല ഇത്. എംജിഎൻആർഇജിഎ അവസാനിപ്പിക്കാനുള്ള ബിജെപി-ആർഎസ്എസ് ഗൂഢാലോചനയാണിത്,” ഖാർഗെ ‘എക്സി’ലൂടെ പ്രതികരിച്ചു. സംഘപരിവാർ സംഘടനയുടെ നൂറാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഗാന്ധിയുടെ പേര് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ, വിദേശ മണ്ണിൽ ബാപ്പുവിന് പൂക്കൾ അർപ്പിക്കുന്നത് എത്രത്തോളം പൊള്ളയും കപടവുമാണെന്ന് ഈ നീക്കം തെളിയിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദരിദ്രരുടെയും തൊഴിലാളികളുടെയും അവകാശങ്ങളിൽ നിന്ന് പിന്മാറുന്ന സർക്കാരാണ് തൊഴിലുറപ്പ് പദ്ധതിയെ ആക്രമിക്കുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ഈ ബില്ലിനെ പാർലമെന്റിൽ ശക്തമായി എതിർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.