ഓസ്കാര്‍ ഫെർണാണ്ടസിന് വികാരനിർഭരമായ യാത്രാമൊഴി; കെപിസിസിക്ക് വേണ്ടി കൊടിക്കുന്നില്‍ സുരേഷ് എംപി അന്തിമോപചാരം അർപ്പിച്ചു

Jaihind Webdesk
Thursday, September 16, 2021

ബംഗളുരു : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായിരുന്ന ഓസ്‌കാര്‍ ഫെര്‍ണാണ്ടസിന് ആയിരങ്ങളുടെ യാത്രാമൊഴി. ബംഗളുരുവിലെ സെന്‍റ് പാട്രിക്സ് ദേവാലയത്തില്‍ സംസ്കാര ശുശ്രൂഷകള്‍ നടന്നു.   ഭൗതികദേഹത്തില്‍ കെപിസിസിക്ക് വേണ്ടി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി അന്തിമോപചാരം അര്‍പ്പിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിയുടെ നിര്‍ദ്ദേശ പ്രകാരം ബംഗളുരുവിലെത്തിയ കൊടിക്കുന്നില്‍ സുരേഷ് ക്യൂന്‍സ് റോഡിലെ കെപിസിസി ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു. തുടര്‍ന്ന് സെന്‍റ് പാട്രിക്‌സ് ദേവാലയത്തിലെത്തി നടന്ന അന്ത്യശുശ്രൂഷ ചടങ്ങിലും ഹൊസൂര്‍ റോഡിലെ സെമിത്തേരിയില്‍ നടന്ന സംസ്‌കാര ചടങ്ങിലും പങ്കെടുത്തു.

കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് നിസ്തുലമായ സേവനം അനുഷ്ഠിച്ച ഓസ്കാര്‍ ഫെര്‍ണാണ്ടസ് ജനങ്ങള്‍ക്ക് വേണ്ടി ജീവിച്ച നേതാവായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഭരണനിര്‍വഹണ രംഗത്തും സംഘടനാതലത്തിലും മികവ് പുലര്‍ത്തിയ നേതാവ്. ഫെര്‍ണാണ്ടസിന്‍റെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.

രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജെവാല,മധുസൂദന്‍ മിസ്ത്രി, കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, മുന്‍ ഉപമുഖ്യന്ത്രി ജി പരമേശ്വര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.