ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസ് ജൂലൈ 7ന് ആരംഭിച്ചേക്കുമെന്ന് എമിറേറ്റ്സ്

Jaihind Webdesk
Sunday, June 27, 2021

അബുദാബി : പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയില്‍ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സര്‍വീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

യുഎഇ ഗവണ്‍മെന്‍റ് വകുപ്പുകളില്‍ നിന്ന് ഇതിനായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും അനുമതിക്കുമായി കാത്തിരിക്കുകയാണെന്ന് ഒരു യാത്രക്കാരന്‍റെ ചോദ്യത്തിന് മറുപടിയായി എമിറേറ്റ്സ് ട്വിറ്ററിലൂടെ വ്യക്തമാക്കി. വൈകാതെ ഇതുസംബന്ധമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

അതേസമയം എമിറേറ്റ്സിന്‍റെ വെബ് സൈറ്റില്‍ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്ന് ദുബായിലേക്ക് വണ്‍വേ ഇക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. ജൂലൈ എട്ടിന് കൊച്ചിയില്‍ നിന്നും ദുബായിലേക്ക് ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിന് മുകളിലാണ് എമിറേറ്റ്സിന്റെ ടിക്കറ്റ് നിരക്ക്. 9ന് തൊണ്ണൂറ്റി മൂവായിരത്തിന് മുകളിലും ടിക്കറ്റ് നിരക്കുണ്ട്. എന്നാല്‍, എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികള്‍ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിംഗ് പുനഃരാരംഭിച്ചിട്ടില്ല.

ജൂലൈ 6 വരെയാണ് നിലവിൽ ഇന്ത്യ–യുഎഇ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.