ദുബായ് കേന്ദ്രമായ എമിറേറ്റ്സ് എയര്‍ലൈന്‍സ്, വിമാനത്തിനുള്ളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. 2025 ഒക്ടോബര്‍ 1 മുതല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വരും. എന്നാല്‍, യാത്രക്കാര്‍ക്ക് ചില നിബന്ധനകളോടെ ഒരു പവര്‍ ബാങ്ക് കൈവശം വെയ്ക്കാന്‍ മാത്രം അനുമതി നല്‍കും.
100 വാട്ട് ഹവേഴ്സില്‍ താഴെ ശേഷിയുള്ള പവര്‍ ബാങ്കുകള്‍ കൈവശം വെക്കാന്‍ അനുമതിയുണ്ടെങ്കിലും, അവ വിമാനത്തിനുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. പവര്‍ ബാങ്കുകള്‍ വിമാനത്തിനുള്ളില്‍ വെച്ച് ചാര്‍ജ് ചെയ്യുന്നതിനും അനുമതിയില്ല. പവര്‍ ബാങ്കില്‍ അതിന്റെ വാട്ട് ഹവേഴ്സ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. ഈ വിവരങ്ങള്‍ ഇല്ലാത്ത പവര്‍ ബാങ്കുകള്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ല.
യാത്രക്കാര്‍ പവര്‍ ബാങ്കുകള്‍ സീറ്റ് പോക്കറ്റിലോ, മുന്നിലുള്ള സീറ്റിന്റെ അടിയിലുള്ള ബാഗിലോ വെക്കണം. ലിഥിയം-അയണ്‍ അല്ലെങ്കില്‍ ലിഥിയം-പോളിമര്‍ ബാറ്ററികള്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്കുകള്‍ അമിതമായി ചാര്‍ജ് ചെയ്യുമ്പോള്‍ തീപിടിക്കാനോ, പൊട്ടിത്തെറിക്കാനോ സാധ്യതയുണ്ട്. ഈ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് എമിറേറ്റ്സ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നത്.