BREAKING NEWS: എമിറേറ്റ്‌സ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ച് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി; ‘സാധ്യമായതെല്ലാം ചെയ്തു , ചിലരെ പിരിച്ചു വിടാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് വിമാനക്കമ്പനി’

B.S. Shiju
Sunday, May 31, 2020

 

ദുബായ് : കേന്ദ്രമായ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, കൊവിഡ് മൂലമുള്ള പ്രത്യാഘാതങ്ങളുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടുമെന്ന് സ്ഥിരീകരിച്ചു. ദുബായ് ഗവര്‍മെന്റ് മീഡിയാ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജോലിക്കാരെ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും, ചില ജീവനക്കാരെ പിരിച്ചുവിടാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് എമിറേറ്റ്‌സ് വക്താവിനെ ഉദ്ധരിച്ച്, മീഡിയാ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. എമിറേറ്റ്‌സ് വിമാന ചരിത്രത്തില്‍ ഇതാദ്യമായാണ്, ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

” നിലവിലെ പല ജീവനക്കാരെയും നിലനിര്‍ത്താന്‍ ഞങ്ങള്‍ പരിശ്രമിച്ചു. ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനായി സാധ്യമായ എല്ലാ സാഹചര്യങ്ങളും അവലോകനം ചെയ്തു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിച്ച ചില ജീവനക്കാരെ , പിരിച്ചുവിടേണ്ട അവസ്ഥയാണെന്നും” പ്രസ്താവനയില്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ തുടര്‍ച്ചയായി പുനര്‍വിചിന്തനം ചെയ്യുകയാണ്. ഇനി കൊവിഡ് കാലഘട്ടവുമായി പൊരുത്തപ്പെടേണ്ടി വരുമെന്നും എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. തങ്ങള്‍ ഇത് നിസ്സാരമായി കാണുന്നില്ല. മറ്റുള്ളവരുടെ ജോലി സംരക്ഷിക്കാന്‍ കമ്പനി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഇപ്രകാരം, ചില ഘട്ടങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി. മലയാളികള്‍ ഉള്‍പ്പടെ പതിനായിരകണക്കിന് ഇന്ത്യക്കാരാണ്, എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ചെറുതും വലുതുമായ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്നത്. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളും ഇതോടെ ദുരിതത്തിലാകും.