കുവൈത്ത് ഭരണാധികാരി അന്തരിച്ചു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്നു

Saturday, December 16, 2023

കുവൈത്ത്: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് അന്തരിച്ചു. കുവൈത്തിന്‍റെ 16 ആമത് അമീർ മരണത്തിന് കീഴടങ്ങിയതായി അമീരി ദിവാൻ കാര്യ മന്ത്രി അറിയിച്ചു. 86 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ദിവസങ്ങളായി ആശുപത്രിയില്‍ ചികിൽസയിലായിരുന്നു അമീർ. ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണപ്പെട്ടതായി ഔദ്യോഗിക അറിയിപ്പ് വന്നു. ഗവർണറും,ആഭ്യന്തര മന്ത്രിയും, പ്രതിരോധ മന്ത്രിയും,സാമൂഹ്യകാര്യ-തൊഴിൽ മന്ത്രിയായും, ഉപപ്രധാനമന്ത്രിയും,കിരീടാവകാശിയും, അമീറുമായി ഭരണാധികാരിയെന്ന നിലയില്‍ രാജ്യത്തിന്‍റെ പുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ്.