എയര്‍ ഇന്ത്യയുടെ ഡല്‍ഹി ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ ഉണ്ടായ സംഭവം ഏറെ ആശങ്കപ്പെടുത്തിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാത്രി 9:15 ആയപ്പോള്‍ സിഗ്‌നല്‍ തകരാര്‍ കാരണം ഡല്‍ഹിക്ക് പകരം ചെന്നൈയില്‍ ഇറങ്ങാന്‍ തീരുമാനിച്ചതായി വിമാനത്തിന്റെ ക്യാപ്റ്റന്‍ അറിയിച്ചു. ഒരു മണിക്കൂറോളം വിമാനം ചെന്നൈയില്‍ തന്നെ വട്ടമിട്ട് പറന്നു. തുടര്‍ന്ന് ലാന്‍ഡിംഗിനിടെ, ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നതിന് ഏകദേശം 30 സെക്കന്‍ഡ് മുമ്പ് വിമാനം വീണ്ടും ടേക്ക് ഓഫ് ചെയ്യേണ്ടി വന്നു. റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നതാണ് ഇതിന് കാരണമെന്ന് ക്യാപ്റ്റന്‍ തന്നെയാണ് അനൗണ്‍സ് ചെയ്തത്. എന്നാല്‍, ഈ സംഭവം എയര്‍ ഇന്ത്യ നിഷേധിക്കുന്നത് ഞാന്‍ കണ്ടു. യാത്രക്കാരില്‍ ഭീതി പരത്തിയ ഈ സംഭവത്തിന് ശേഷം, 20 മിനിറ്റ് കഴിഞ്ഞാണ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. വിമാനം തിരുവനന്തപുരത്ത് നിന്ന് ചെക്ക് ചെയ്തപ്പോള്‍ എന്‍ജിനീയര്‍മാര്‍ക്ക് സിഗ്‌നല്‍ തകരാര്‍ ഒന്നും കാണാന്‍ സാധിച്ചിരുന്നില്ല എന്നതും ആശങ്കാജനകമാണ്. ഈ കാര്യങ്ങള്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ ഡിജിസിഎയെ അറിയിച്ചിട്ടുണ്ടെന്നും. സുരക്ഷാ കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നുവെന്നും ഡല്‍ഹിയില്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എംപിമാര്‍ സഞ്ചരിച്ച തിരുവനന്തപുരം-ഡല്‍ഹി വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയിരുന്നു. അടിയന്തര ലാന്‍ഡിങ് റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ ഉണ്ടായിരുന്നത് അഞ്ച് എംപിമാരാണ്. കെ.സി വേണുഗോപാല്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, അടൂര്‍ പ്രകാശ എംപി, കെ രാധാകൃഷ്ണന്‍ എംപി, റോബര്‍ട്ട് ബ്രൂസ് എംപി എന്നിവര്‍. എയര്‍ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും വിമാനം പുറപ്പെട്ടത് 7:50 നാണ്. പറന്നുയര്‍ന്ന് ഒരു മണിക്കൂര്‍ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ സാങ്കേതിക തകരാര്‍ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളില്‍ വിമാനം പറന്നത് ഒരു മണിക്കൂര്‍ നേരമാണ്.