ന്യൂഡല്‍ഹി : കേരളാതീരത്ത് ചട്ടങ്ങൾ അട്ടിമറിച്ച് മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പിട്ടതിൽ ദുരൂഹതയുണ്ടെന്നും സംസ്ഥാന അധികാരികൾ എടുത്ത ഈ തീരുമാനം ഗൗരവമായി എടുക്കേണ്ടതാണെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹൈബി ഈഡൻ എംപി അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
യുഎസ് ആസ്ഥാനമായുള്ള ഐഎംസിസി ഇന്റർനാഷണൽ എന്ന കമ്പനിക്ക് ആഴക്കടൽ മത്സ്യബന്ധനം നടത്താൻ അനുമതി നൽകിയത് കേരള സർക്കാരിന് വലിയതോതിൽ അഴിമതി നടത്താനാണ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായിട്ടാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മത്സ്യ നയം പ്രകാരം ആഴക്കടൽ ട്രോളറുകൾ അനുവദിനീയമല്ല. ഇത്തരത്തിൽ ഒരു സാഹചര്യത്തിലാണ് സംസ്ഥാന ഫിഷറീസ് നയത്തിൽ പോലും മാറ്റം വരുത്തികൊണ്ടാണ് സർക്കാർ ധാരണ പത്രത്തിൽ ഒപ്പിട്ടത്.
കേരളത്തിന്റെ മത്സ്യസമ്പത്ത് അമേരിക്കൻ കമ്പനിക്ക് തീരെഴുതാനുള്ള സർക്കാർ ശ്രമമാണ് ഇവിടെ നടന്നതെന്നും. ഇത് കടലിനെ കൊള്ളയടിക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകർക്കാനുമിടയാക്കും. പരമ്പരാഗത മത്സ്യ തൊഴിലാളികളെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാവുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യും.
ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാന സർക്കാരിന്റെ അധികാരപരിധിയിൽ അല്ലെന്നും അത് കേന്ദ്ര സർക്കാരിന്റെ അധികാരത്തിലും നിയന്ത്രണത്തിലും വരുന്നതാണെന്നും, ഈ ചട്ടങ്ങൾ പോലും ആട്ടിമറിച്ച് പദ്ധതി നടപ്പാക്കാൻ സർക്കാർ നടത്തിയ ശ്രമം വലിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ഹൈബി ഈഡൻ എം പി നോട്ടീസിൽ സൂചിപ്പിച്ചു. ഇന്ത്യയുടെ ആഴക്കടൽ മത്സ്യ സമ്പത്ത് കൊള്ളയടിക്കാൻ വിദേശ സഹായത്തോടെ ആവിഷ്കരിക്കപ്പെട്ട ഈ ധാരണപത്രത്തെ പറ്റി അന്വേഷണം ആവശ്യമാണെന്നും ഹൈബി ഈഡൻ എംപി അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.