തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായുള്ള ധാരണാപത്രം സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം പൊളിയുന്നു. ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്ക്കര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉള്‍നാടന്‍ ജലഗതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാര്‍, മുഖമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരെ വിവിധ ഘട്ടങ്ങളില്‍ അമേരിക്കന്‍ കമ്പനിയുമായുള്ള ചര്‍ച്ചകളെ കുറിച്ചുള്ള വിവരം അറിയിച്ചിരുന്നെന്നും കെഎസ്എൈന്‍സി അറിയിച്ചു. കെഎസ്ഐഎന്‍സിയെയും എം.ഡി എന്‍.പ്രശാന്തിനെയും പഴിചാരിയ സര്‍ക്കാര്‍ നീക്കത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.