ആഴക്കടല്‍ കരാർ : വിവാദങ്ങള്‍ക്കിടയിലും ഫയല്‍നീക്കം നടന്നു ; മന്ത്രിസഭാ അനുമതിക്കായി ഫയല്‍ തുറന്നതിന്‍റെ രേഖകള്‍ പുറത്ത്

Jaihind Webdesk
Monday, April 5, 2021

 

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ ഫയല്‍, വിവാദങ്ങള്‍ക്കിടയിലും തുടര്‍നടപടികള്‍ക്കായി സമര്‍പ്പിക്കാന്‍ നീക്കം. മന്ത്രിസഭ അനുമതിക്കായി ഫയല്‍ തുറന്നതിന്റെ രേഖകള്‍ പുറത്ത് വന്നു. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചിട്ടും തിടുക്കപ്പെട്ടായിരുന്നു നീക്കം. വിവാദം കടുത്തതോടെ ഫെബ്രുവരി 19 ന് തുറന്ന ഫയലിന്റെ തുടര്‍നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നുവെന്നും രേഖ വ്യക്തമാക്കുന്നു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരിക്കന്‍ കമ്പനി ഇഎംസിസിയുമായി സര്‍ക്കാര്‍ ഒപ്പിട്ട ധാരണാപത്രം തുടര്‍നടപടികള്‍ക്കായി മന്ത്രിസഭയ്ക്കു മുന്‍പാകെ സമര്‍പ്പിക്കാന്‍ വ്യവസായവകുപ്പ് നടപടി തുടങ്ങിയിരുന്നുവെന്നു സര്‍ക്കാരിന്റെ ഇ ഫയല്‍ രേഖ. ഫെബ്രുവരി 19നാണു വ്യവസായ വകുപ്പ് ഫയല്‍ തുറന്നത്. പിറ്റേന്നു തന്നെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പരിശോധിച്ചു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറി. ഫെബ്രുവരി 11നാണ് ഇഎംസിസി പ്രതിനിധികള്‍ സെക്രട്ടേറിയറ്റിലെത്തി മന്ത്രി ഇ.പി.ജയരാജനെ കണ്ടു ധാരണാപത്രത്തിനു മന്ത്രിസഭയുടെ അംഗീകാരം തേടി അപേക്ഷ നല്‍കിയത്. കൂടിക്കാഴ്ചയുടെ കാര്യം മന്ത്രി ആദ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തി ഇഎംസിസി പ്രതിനിധികളെ തന്റെയടുത്തേക്കു വിടുകയായിരുന്നുവെന്നും മന്ത്രി ആരോപിച്ചിരുന്നു. എന്നാല്‍ ഇഎംസിസിയുടെ അപേക്ഷയില്‍ വ്യവസായവകുപ്പ് അതിവേഗം നടപടിയെടുത്തുവെന്നാണു ഫയല്‍ സംബന്ധിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.

വ്യവസായ വകുപ്പിലെ അസിസ്റ്റന്റ് അലക്‌സ് ജോസഫാണു ഫെബ്രുവരി 19ന് ഉച്ചയ്ക്ക് 3.30ന് ഇഎംസിസിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഫയല്‍ നമ്പര്‍ഐഎന്‍ഡിജെ1/39/2021 തുറന്നത്. തുടര്‍ന്നു സെക്ഷന്‍ ഓഫിസര്‍ ആര്‍.കെ. ഷിബി, മന്ത്രി ഇ.പി. ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി കെ. രാധാകൃഷ്ണന്‍ എന്നിവരും പരിശോധിച്ച ഫയല്‍ പിറ്റേന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ഇളങ്കോവനു കൈമാറി. ഇതിനിടെയാണ് പദ്ധതിക്കെതിരെ പ്രതിപക്ഷം ആരോപണമുന്നയിച്ചത്. 26നു മന്ത്രി ഇ.പി.ജയരാജന്‍ ഫയല്‍ പരിശോധിച്ച് കെ.ഇളങ്കോവനു കൈമാറിയിട്ടുണ്ടെന്നും രേഖയില്‍ വ്യക്തമാണ്. ധാരണാപത്രം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഫെബ്രുവരി 24നു തീരുമാനിച്ചെങ്കിലും ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ലെന്ന കാര്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെ ആഴക്കടല്‍ മത്സ്യബന്ധനപദ്ധതി സര്‍ക്കാരിന്റെ അറിവോടെയല്ലെന്നും ധാരണാപത്രത്തിന്മേല്‍ തുടര്‍നടപടികളെടുത്തില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാദം ശരിയല്ലെന്ന് ഇതോടെ വീണ്ടും വ്യക്തമായിരിക്കുകയാണ്.