ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവന ദാതാക്കളായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചു. ഓപ്പറേറ്റര്‍ ലൈസന്‍സിനായി അപേക്ഷിച്ച് ഏകദേശം മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ സുപ്രധാന തീരുമാനം. ഇതോടെ രാജ്യത്ത് സ്റ്റാര്‍ലിങ്കിന് സേവനം ആരംഭിക്കാന്‍ വഴിയൊരുങ്ങിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
ദേശീയ സുരക്ഷാ കാരണങ്ങള്‍ വിലയിരുത്തിയതിനും ശേഷമാണ് സ്റ്റാര്‍ലിങ്കിന്റെ നിര്‍ദ്ദേശത്തിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. കമ്പനിക്ക് ലെറ്റര്‍ ഓഫ് ഇന്റന്റ് (LoI) നല്‍കിയതായാണ് വിവരം. ഇക്കാര്യത്തില്‍ സ്റ്റാര്‍ലിങ്ക് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സര്‍ക്കാരില്‍ നിന്ന് LoI ലഭിക്കുന്നത് ഗ്ലോബല്‍ മൊബൈല്‍ പേഴ്സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (GMPCS) ലൈസന്‍സ് നേടുന്നതിനുള്ള ആദ്യപടിയാണ്.
ഇന്ത്യയുടെ ബഹിരാകാശ തരംഗങ്ങള്‍ക്കായുള്ള (space waves) കടുത്ത മത്സരത്തിന് ഇതോടെ വിരാമമായേക്കും. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ ടെലികോം ഭീമന്മാരുമായി സ്റ്റാര്‍ലിങ്ക് ഈ രംഗത്ത് മത്സരത്തിലായിരുന്നു. സാറ്റ്കോം ഓപ്പറേറ്റര്‍മാര്‍ക്ക് ഫ്രീക്വന്‍സി എങ്ങനെ അനുവദിക്കണം എന്നതിനെച്ചൊല്ലി ജിയോയുമായി സ്റ്റാര്‍ലിങ്കിന് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. സാറ്റലൈറ്റ് ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സ്‌പെക്ട്രം സാങ്കേതികമായി ലേലം ചെയ്യാന്‍ പ്രയാസമുള്ളതിനാല്‍ സര്‍ക്കാര്‍ അഡ്മിനിസ്ട്രേറ്റീവ് മാര്‍ഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു