ന്യൂഡല്‍ഹി: രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ തൊഴില്‍ ബന്ധിത പ്രോത്സാഹന പദ്ധതിക്ക് (ELI – Employment Linked Incentive) അംഗീകാരം നല്‍കി. 99,446 കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ ബൃഹദ് പദ്ധതിയിലൂടെ 3.5 കോടിയിലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
നിര്‍മാണ മേഖലയിലടക്കമുള്ള സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുക, ആദ്യമായി തൊഴില്‍ തേടുന്ന യുവതീയുവാക്കള്‍ക്ക് പിന്തുണ നല്‍കുക, തൊഴില്‍ സേനയ്ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ഇഎല്‍ഐ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക.
തൊഴില്‍ തേടുന്നവര്‍ക്കും തൊഴിലുടമകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കും. പദ്ധതിയുടെ ഭാഗമായി, ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. ഒരു മാസത്തെ വേതനമായി കണക്കാക്കി 15,000 രൂപ വരെ ഇവര്‍ക്ക് ലഭിക്കും. ഈ തുക രണ്ട് ഗഡുക്കളായാണ് നല്‍കുക. ഇത് പുതിയതായി തൊഴില്‍ രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് വലിയ സാമ്പത്തിക സഹായമാകും.
തൊഴിലുടമകള്‍ക്കും പദ്ധതിയില്‍ മികച്ച പ്രോത്സാഹനമുണ്ട്. പുതുതായി സൃഷ്ടിക്കുന്ന ഓരോ തൊഴിലിനും സ്ഥാപനങ്ങള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ സര്‍ക്കാര്‍ സഹായം ലഭിക്കും. ഇത് കൂടുതല്‍ ആളുകളെ നിയമിക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കും. കൂടാതെ, രാജ്യത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി നിര്‍മാണ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഈ പ്രോത്സാഹനം മൂന്നാമത്തെയും നാലാമത്തെയും വര്‍ഷങ്ങളിലും തുടരും.
പുതിയ പദ്ധതി രാജ്യത്തെ തൊഴില്‍ വിപണിക്ക് വലിയ ഉണര്‍വ് നല്‍കുമെന്നും കൂടുതല്‍ പേര്‍ക്ക് സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമാകാന്‍ ഇത് അവസരമൊരുക്കുമെന്നും വിലയിരുത്തുന്നു.
ഇഎല്‍ഐ (എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി)
*ഇപിഎഫ്ഒ വഴിയാണ് ഈ സ്‌കീം നടപ്പില്‍വരുത്തുന്നത്.
* 99,446 കോടി വകയിരുത്തിരിക്കുന്ന ELI പദ്ധതി 2025 ഓഗസ്റ്റ് 1 നും 2027 ജൂലൈ 31നും ഇടയില്‍ രാജ്യത്ത് 3.5 കോടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായകമാകും.
*ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന പ്രതിമാസം ഒരു ലക്ഷം രൂപ വരെ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഇതു ബാധകമാണ്.
*ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി രണ്ട് ഗഡുക്കളായി 15000രൂപ വരെ ഒരു മാസത്തെ വേതനം ലഭിക്കും.
*ആദ്യ ഗഡു 6 മാസത്തെ സേവനത്തിന് ശേഷവും, രണ്ടാം ഗഡു 12 മാസത്തെ സേവനത്തിനു ശേഷവുമാകും ലഭിക്കുക.
*രണ്ടാം ഗഡു ലഭിക്കുന്നതിനു മുന്‍പു ജീവനക്കാര്‍ സാമ്പത്തിക സാക്ഷരതാ കോഴ്‌സ് പൂര്‍ത്തിയാക്കണം.
*ആധാര്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) രിതിയിലാകും ഇന്‍സന്റീവ് കൈമാറ്റം
തൊഴിലുടമകള്‍ക്കുള്ള പിന്തുണ ഇങ്ങനെ
*50 ല്‍ താഴെ ജീവനക്കാരുള്ള തൊഴിലുടമകള്‍ കുറഞ്ഞത് രണ്ട് അധിക ജീവനക്കാരെയും, 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ജീവനക്കാരുള്ള തൊഴിലുടമകള്‍ അഞ്ച് അധിക ജീവനക്കാരെ നിയമിക്കാന്‍ പദ്ധതി പ്രോല്‍സാഹിപ്പിക്കുന്നു.
*അധികമായി സൃഷ്ടിക്കപ്പെടുന്ന ഈ അവസരത്തിന് (കുറഞ്ഞത് ആറ് മാസത്തേക്ക് സ്ഥിരമായി ജോലി ചെയ്യുന്ന സാഹചര്യത്തില്‍), ഓരോ അധിക ജീവനക്കാരനും രണ്ട് വര്‍ഷത്തേക്ക് സര്‍ക്കാര്‍ തൊഴിലുടമകള്‍ക്ക് പ്രതിമാസം 3,000 രൂപ വരെ ആനുകൂല്യം നല്‍കും.
*10,000 രൂപ വരെ ശമ്പളം: ഇന്‍സെന്റീവ് 1,000 രൂപ, 10,000- 20,000 രൂപ ശമ്പളം: ഇന്‍സന്റീവ് 2,000 രൂപ , 20,000 രൂപയില്‍ കൂടുതല്‍ ശമ്പളം: ഇന്‍സന്റീവ് 3,000 രൂപ, *നിര്‍മാണമേഖലയിലുള്ളവര്‍ക്ക് ഇത് 4 വര്‍ഷം വരെ ലഭിക്കും. സ്ഥാപനത്തിന്റെ പാന്‍ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) രിതിയിലാകും ഇന്‍സന്റീവ് കൈമാറ്റം.