ഉത്സവങ്ങളില്‍ ആനയെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. ആനകളുടെ സര്‍വേ എടുക്കണം എന്നതടക്കമുള്ള നിര്‍ദേശമാണ് സ്റ്റേ ചെയ്തത്. ഹൈക്കോടതി നടപടിക്കെതിരെ വിശ്വഗജസമിതി നല്‍കിയ ഉത്തരവിലാണ് നടപടി.
ആനകളുടെ എഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ഇത് പൂര്‍ണ്ണമായി തടയാനുള്ള നീക്കമാണെന്ന് തോന്നുന്നതായും സുപ്രീം കോടതി ജസ്റ്റിസ് നാഗരത്‌ന വിമര്‍ശിച്ചു. നാട്ടാന പരിപാലനവും, ഉത്സവങ്ങളില്‍ ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ട് ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ എത്തിയത്. ഹൈക്കോടതി എടുത്ത കേസുകളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങളാണ് ട്രാന്‍സ്ഫര്‍ പെറ്റീഷന്‍ നല്‍കിയത്. കേരള ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല. പാറമേക്കാവ്, തിരുമ്പമ്പാടി ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ നിലവില്‍ ഇടപെടാനില്ലെന്ന് ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി. ഹര്‍ജി പിന്‍വലിക്കാന്‍ സുപ്രീം കോടതി അനുമതിയും നല്‍കി. പിന്നാലെ ദേവസ്വങ്ങള്‍ ഹര്‍ജി പിന്‍വലിച്ചു. ഇതിന് പിന്നാലെ വിശ്വ ഗജ സമിതി ഹൈക്കോടതി ജഡ്ജിമാര്‍ക്ക് പെറ്റ അടക്കമുള്ള മൃഗ സംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും നേരത്തെ അഭിഭാഷകരായ സമയത്ത് ഇത്തരം സംഘടനകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും, ഗൂഢാലോചന ഉണ്ടെന്നും, അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസില്‍ വാദം കേള്‍ക്കവേയാണ് ചരിത്രപരമായ സംസ്‌കാരത്തിന്റെ ഭാഗമാണ് ആന എഴുന്നള്ളിപ്പ് അടക്കമുള്ളവയെന്നും അത് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്ന തോന്നലുണ്ടെന്നും ജസ്റ്റിസ് നാഗരത്‌ന നിരീക്ഷിച്ചത്.