പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു; പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരന്‍

Jaihind Webdesk
Monday, July 11, 2022

തൃശൂർ: പൂരത്തിന് പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു.  ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയോടെ പാറമേക്കാവിന്‍റെ ആനക്കൊട്ടിലിലാണ് അന്ത്യം.

കാലിൽ നീർക്കെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്.

പാറമേക്കാവ് വിഭാഗത്തിന്‍റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനായിരുന്നു. നന്തിലത്ത് ഗോപുവാണ് പത്മനാഭനെ തൃശൂരില്‍ എത്തിച്ചത്. പിന്നീട് പാറമേക്കാവ് ദേവസ്വം വാങ്ങുകയായിരുന്നു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്‍റെയും സ്ഥാനം.