
തിരുവനന്തപുരം ഉള്ളൂരില്‍ ആനയ്ക്ക് നേരെ പാപ്പാന്റെ ക്രൂരമര്‍ദ്ദനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ‘ഉള്ളൂര്‍ കാര്‍ത്തിയന്‍’ എന്ന ആനയാണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. സംഭവത്തില്‍ ലഹരിക്കടിമയായ പാപ്പാനെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാരും പൗരസമിതിയും വനംവകുപ്പിനും പൊലീസിനും പരാതി നല്‍കി.
മദപ്പാടിനെത്തുടര്‍ന്ന് തളച്ചിട്ടിരിക്കുന്ന ആനയെ പാപ്പാന്‍ അകാരണമായി മര്‍ദ്ദിക്കുകയാണെന്നാണ് പ്രധാന ആരോപണം. മദപ്പാട് കാലത്ത് ആനയെ കെട്ടിയിട്ടതിനാല്‍ കാലുകളില്‍ വ്രണങ്ങളുണ്ട്. ഈ മുറിവുകളില്‍ തന്നെ പാപ്പാന്‍ നിരന്തരമായി അടിക്കുന്നത് ആനയ്ക്ക് വലിയ വേദനയുണ്ടാക്കുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാപ്പാന്‍ ആനയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് നാട്ടുകാര്‍ സബ് ഗ്രൂപ്പ് ഓഫീസര്‍ക്കും പൊലീസിനും പരാതി നല്‍കിയിരിക്കുന്നത്.
ആനയെ പരിചരിക്കേണ്ട പാപ്പാന്‍ ലഹരിക്ക് അടിമയാണെന്നും ഇയാള്‍ മുന്‍പും ലഹരി ഉപയോഗത്തിന്റെ പേരില്‍ നടപടി നേരിട്ടിട്ടുള്ളയാളാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. ആനയെ തളച്ചിരിക്കുന്ന സ്ഥലത്ത് പാപ്പാനൊപ്പം നിരവധി അപരിചിതര്‍ വന്നുപോകുന്നതായും ഇവര്‍ ലഹരി ഇടപാടുകാരാണെന്നും നാട്ടുകാര്‍ സംശയിക്കുന്നു. മദപ്പാടിലിരിക്കുന്ന ആനയെ പ്രകോപിപ്പിക്കുന്നത് വലിയ സുരക്ഷാ ഭീഷണിയാണെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു.
വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് സബ് ഗ്രൂപ്പ് ഓഫീസറുടെ പ്രാഥമിക പ്രതികരണം. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിക്കുന്ന മുറയ്ക്ക് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. പൗരസമിതിയുടെ നേതൃത്വത്തില്‍ വനംവകുപ്പിന്റെയും പൊലീസിന്റെയും അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുകയാണ് നാട്ടുകാര്‍.