കാട്ടാന ആക്രമണം: അജീഷിന്‍റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ; 15 ലക്ഷം രൂപ നല്‍കും

Jaihind Webdesk
Sunday, February 18, 2024

 

ബംഗളുരു: മാനന്തവാടി പടമലയിൽ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട  അജീഷിന്‍റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കർണാടക സര്‍ക്കാര്‍. കർണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് സഹായമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെയാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 10-നാണ് ബേലൂർ മഖ്നയെന്ന കാട്ടാനയുടെ ആക്രമണത്തില്‍ പടമല സ്വദേശി അജീഷ് കൊല്ലപ്പെട്ടത്. കർണാടക റേഡിയോ കോളർ ഘടിപ്പിച്ചുവിട്ട  ആനയാണ് അജീഷിനെ പിന്തുടർന്നെത്തി ചവിട്ടി കൊലപ്പെടുത്തിയത്. ആനയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് തുരത്താനുള്ള ശ്രമിക്കുന്നതിനിടെയാണ് അജീഷ് ആനയുടെ മുന്നിൽപ്പെട്ടത്. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന്‍ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ അജീഷ് താഴെ വീഴുകയായിരുന്നു. മതില്‍ പൊളിച്ചെത്തിയ ആന അജീഷിനെ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

വന്യജീവി ആക്രമണം തുടർക്കഥയാകുന്നതിനെതിരെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. നോക്കുകുത്തിയായി നില്‍ക്കുന്ന സർക്കാരിനും വനംവകുപ്പിനുമെതിരെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.