മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു; ഹർത്താല്‍, റോഡ് ഉപരോധിക്കുമെന്ന് കോൺഗ്രസ്

Jaihind Webdesk
Tuesday, February 27, 2024

ഇടുക്കി:  മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാൾ കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റിലെ ഓട്ടോ ഡ്രൈവർ മണി എന്ന സുരേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്. സുരേഷ് കുമാറും കുടുംബവും സഞ്ചരിച്ചിരുന്ന ഓട്ടോ കാട്ടാന തള്ളിയിട്ടു. ഓട്ടോയിൽ ഉണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റെങ്കിലും മണിയുടെ കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒരു മാസത്തിനിടെ നാലുപേർ ആണ് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മൂന്നാറിൽ ഇന്ന് ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഏത് കാട്ടാനയുടെ ആക്രമണത്തിലാണ് മണി  കൊല്ലപ്പെട്ടതെന്ന അന്വേഷണത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് ഇന്നലെ രാവിലെ മുതല്‍ സ്ഥിതി ചെയ്തിരുന്ന ഒറ്റയാന്‍ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം വനംവകുപ്പിനുണ്ട്. പടയപ്പയ്ക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ പടയപ്പയാണോ ആക്രമണം നടത്തിയതെന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്. പടയപ്പ ഇന്നലെ ലോറി തടയുകയും ബൈക്കും കാറും ആക്രമിക്കുകയും ചെയ്തിരുന്നു. അതേസമയം, പ്രദേശത്ത് മറ്റൊരു കാട്ടാന കൂട്ടവും ഉണ്ടായിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏത് ആനയാണ് മണിയെ ആക്രമിച്ചതെന്ന കാര്യം ഇന്ന് തന്നെ സ്ഥിരീകരിക്കുമെന്നും പരിശോധനകള്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം. സുരേഷ് കുമാറിന്‍റെ ഓട്ടോയിലുണ്ടായിരുന്നു യാത്രക്കാരില്‍ കന്നിമല സ്വദേശികളായ എസക്കി രാജ (45), ഭാര്യ റെജിന (39) എന്നിവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ മൂന്നാര്‍ ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എസക്കി രാജയുടെ മകള്‍ പ്രിയയുടെ സ്‌കൂള്‍ ആനിവേഴ്‌സറി കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇവരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. പ്രിയക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കാര്യമായ പരുക്കില്ല. ഓട്ടോ കുത്തി മറിച്ചിട്ട കാട്ടാന വാഹനത്തിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിരുന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.