ഇടുക്കിയില്‍ ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാന് ദാരുണാന്ത്യം; സംഭവം കല്ലാറിലെ സ്വകാര്യ ആന സവാരി കേന്ദ്രത്തിൽ

Jaihind Webdesk
Friday, June 21, 2024

 

ഇടുക്കി: ഇടുക്കി അടിമാലി അറുപതാംമൈലിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ആന സവാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ മരിച്ചു. കാസറഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണൻ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയോരത്ത് അടിമാലി അറുപതാംമൈലിന് സമീപമാണ് സ്വകാര്യ ആനസവാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഈ കേന്ദ്രത്തിലാണ് ആനയുടെ ചവിട്ടേറ്റ് രണ്ടാം പാപ്പാൻ മരിച്ചത്. ആനയുടെ അരികിൽ നിന്നിരുന്ന ബാലകൃഷ്ണനെ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് തുടർ നടപടി സ്വീകരിച്ചു. അറുപതാംമൈലിലെ  സ്വകാര്യ സ്പൈസസിനോട് ചേർന്നായിരുന്നു ആന സവാരി കേന്ദ്രം പ്രവർത്തിച്ച് വന്നിരുന്നത്. വിനോദ സഞ്ചാരികൾക്ക് ആയുർവേദ ഔഷധങ്ങളും സ്പൈസസും വിൽപന നടത്തി വന്നിരുന്ന കേരള ഫാമിന് ആനസവാരി നടത്തുന്നതിനുള്ള ലൈസൻസില്ലെന്നാണ് വിവരം.