തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധന ഉറപ്പിച്ച് കെഎസ്ഇബി. ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന റഗുലേറ്ററി കമ്മീഷൻ യോഗം താൽക്കാലികമായി മാറ്റിയെങ്കിലും തീരുമാനം ഉടൻ ഉണ്ടാകും. യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. ഇതിനിടെ യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല വൈദ്യുതി കരാർ പുനഃസ്ഥാപിക്കുന്നതിനുള്ള നിയമക്കുരുക്കും തടസവും നീങ്ങുന്നതിനുള്ള വഴി തുറന്നിട്ടുണ്ട്.
വൈദ്യുതി നിരക്ക് വർധന പ്രഖ്യാപിക്കുവാൻ റഗുലേറ്ററി കമ്മീഷൻ യോഗം കഴിഞ്ഞ ദിവസം ചേർന്നെങ്കിലും ഒരംഗത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് തീരുമാനമാകാതെ യോഗം താല്‍ക്കാലികമായി മാറ്റുകയായിരുന്നു. യൂണിറ്റിന് 41 പൈസ കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം. നിലവിലെ താരിഫ് ഇന്നലെ അവസാനിച്ചിരുന്നു. ഇന്നലെ യോഗം താല്‍ക്കാലികമായി മാറ്റിയെങ്കിലും പഴയ നിരക്ക് തുടരുമെന്ന ഉത്തരവ് ഇറക്കിയിട്ടുമില്ല. ഇതോടെ നിരക്ക് വർധന ഉറപ്പായി കഴിഞ്ഞു. നിരക്കു വർധന കേരളീയം പരിപാടിക്ക് ശേഷം പ്രഖ്യാപിക്കുവാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായിട്ടാണ് ഇന്നലത്തെ യോഗം താൽക്കാലികമായി മാറ്റിയത്.
ഇതിനിടെ യൂണിറ്റിന് 4.29 രൂപയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല വൈദ്യുതി കരാർ
പുനഃസ്ഥാപിക്കുന്നതിനുള്ള നിയമക്കുരുക്കും തടസവും നീങ്ങുന്നതിനുള്ള വഴി തുറന്നിട്ടുണ്ട്. റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി റഗുലേറ്ററി കമ്മീഷന് വീണ്ടും ഹർജി നൽകാൻ അപലെറ്റ് ട്രിബ്യൂണൽ കെഎസ്ഇബിയോട് നിർദ്ദേശിച്ചു. വൈദ്യുതി ബോർഡിന്‍റെ ആവശ്യം റഗുലേറ്ററി കമ്മീഷൻ അംഗീകരിക്കും. ദീർഘകാല വൈദ്യുതി കരാർ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയതിനെതിരെ കെഎസ്ഇബി സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് അപലെറ്റ് ട്രിബ്യൂണലിന്‍റെ നിർദ്ദേശം. ഇതോടെ ഇതിന്‍റെ നിയമക്കുരുക്ക് അഴിയുമെന്നാണ് പ്രതീക്ഷ. കെഎസ്ഇബിയുടെയും സർക്കാരിന്‍റേയും പിടിപ്പുകേട് കൊണ്ട് യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടപ്പിലാക്കിയ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയത് സംസ്ഥാനത്ത് വൻ വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയിരുന്നു.