
ഷാര്‍ജ : യുഎഇയിലെ ഷാര്‍ജയിലെ വിവിധ സ്ഥലങ്ങളില്‍, ഞായറാഴ്ച ഉച്ചയോടെ വൈദ്യുതി നിലച്ചു. തുടര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് വൈദ്യുതി ബന്ധം ഘട്ടം ഘട്ടമായി പുനഃസ്ഥാപിച്ചത്. സാങ്കേതിക പ്രശ്‌നമാണ് സംഭവത്തിന് കാരണം. ഷാര്‍ജ അല്‍ നഹ്ദ, അല്‍ താവൂന്‍, ബുഹൈറ കോര്‍ണിഷ്, മുവൈല, അല്‍ സഹിയ, അല്‍ മജാസ്, ജമാല്‍ അബ്ദുള്‍ നാസിര്‍ റോഡ് , അല്‍ ഖാന്‍, അല്‍ താവൂന്‍, അല്‍ മംസാര്‍, കല്‍ബ തുടങ്ങിയ ഇടങ്ങളില്‍ വൈദ്യുതി നിലച്ചു. അവധി ദിനമായ ഞായറാഴ്ച വൈദ്യുതി നിലച്ചത്, ഷാര്‍ജയിലെ മാളുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും എത്തിയ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. താമസക്കാര്‍ വീടുകളില്‍ നിന്നും ഇറങ്ങി, തുറസായ സ്ഥലങ്ങളില്‍ വന്ന് ഇരുന്നു. കച്ചവട സ്ഥാപനങ്ങളെയും ഇത് ബാധിച്ചു. മാളുകളിലെയും താമസ കെട്ടിടങ്ങളിലെയും എയര്‍ കണ്ടീഷന്‍ സംവിധാനങ്ങളെയും ലിഫ്റ്റുകളെയും സാരമായി ബാധിച്ചു. മലയാളികള്‍ ഉള്‍പ്പടെയുള്ള താമസക്കാര്‍ ഇതോടെ കൂടുതല്‍ ദുരിതത്തിലായി.
Report : Elvis Chummar – Jaihind TV Middle East Bureau