സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി

Monday, July 8, 2019

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം കൂട്ടി. മൂന്ന് വർഷത്തേക്കാണ് വര്‍ധന. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 5 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിന് 42 രൂപ വരെയും വര്‍ധിക്കും. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധന ബാധകമല്ല. 2019 – 22 കാലയളവിലേക്കാണ് വർധന. ബി.പി.എൽ വിഭാഗക്കാർക്ക് നിരക്ക് വർധന ബാധകമല്ല. നിരക്ക് വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

2017- ലാണ് ഒടുവില്‍ വൈദ്യുതി നിരക്ക് കൂടിയത് അന്ന് റെഗുലേറ്ററി കമ്മീഷന്‍ സ്വമേധയാ ഹര്‍ജി പരിഗണിച്ച് നിരക്ക് കൂട്ടുകയായിരുന്നു. കാലവര്‍ഷത്തിന്‍റെ കുറവാണ് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കുറയുന്നതിലേക്ക് നയിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. വേനലില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചതോടെ പുറമേനിന്ന് വൈദ്യുതി വന്‍തോതില്‍ പണംകൊടുത്ത് വാങ്ങേണ്ടിവന്നത് സ്ഥിതി രൂക്ഷമാക്കി.

ഇപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും കനത്ത വിലകൊടുക്കേണ്ടി വരുന്ന സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ശിക്ഷതന്നെയാകും കൂട്ടിയ വൈദ്യുതി നിരക്ക്.