വൈദ്യുതി ബില്ലടവ് പൂർണമായും ഓൺലൈനിലേക്ക്; സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകളും പൂട്ടുന്നു

Jaihind Webdesk
Sunday, July 7, 2024

 

പാലക്കാട്: വൈദ്യുതിബിൽ തുകയടയ്ക്കുന്നത് പൂർണമായും ഓൺലൈനാക്കുന്നതിന്‍റെ ഭാഗമായി സെക്ഷൻ ഓഫീസുകളിലെ കൗണ്ടറുകൾ പൂട്ടാൻ കെഎസ്ഇബി ഒരുങ്ങുന്നു. ചിങ്ങം ഒന്നുമുതൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കൗണ്ടറുകൾ പൂട്ടുന്നതിനുള്ള നടപടി സ്വീകരിക്കാൻ കെഎസ്ഇബി ബോർഡ് നിർദേശം നൽകി. തിരക്കുകുറഞ്ഞ കൗണ്ടറുകളുടെ പ്രവർത്തനമാണ് തുടക്കത്തിൽ നിർത്തുന്നത്. പടിപടിയായി മറ്റുകൗണ്ടറുകളുടെയും സേവനം അവസാനിപ്പിക്കും.

നിലവിലുള്ള കാഷ്യർ ജീവനക്കാരെ മറ്റുജോലികളിലേക്ക് പുനഃക്രമീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. ഇതിനായി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ധാരണയുണ്ടാക്കും.