ഇലക്ടറല്‍ ബോണ്ട് കേസ്; ബോണ്ടുകൾ റദ്ദാക്കണമെന്ന് ഉത്തരവ്, കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

Jaihind Webdesk
Thursday, February 15, 2024

ഇലക്ടറല്‍ ബോണ്ട് കേസില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി.  സ്കീം ഭരണഘടന വിരുദ്ധമാണെന്നും സകീം റദ്ദാക്കണമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം ബോണ്ട് വാങ്ങിയവരുടെ വിവരങ്ങൾ ഹാജരാക്കണമെന്നും എസ്ബിഐയോട് സുപ്രീംകോടതി നിർദ്ദേശിച്ചു.

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട ഇലക്ടറൽ ബോണ്ട് കേസിൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പൗരന്‍റെ വിവരാവകാശത്തിന്‍റെ ലംഘനമാണ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ വിധി.  ഇലക്ടറൽ ബോണ്ട് സംഭാവന നൽകുന്നവരുടെ പേര് രഹസ്യമായി വെയ്ക്കുന്നത് വിവരാവകാശ നിയമത്തിന്‍റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്‍റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് ഈ സുപ്രധാന വിധി.

രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നല്‍കുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കള്ളപണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വെയ്ക്കാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. അതുകൊണ്ടുതന്നെ ഇത് അംഗീകരിക്കാൻ ആകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ഇതുവരെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങളുടെ തിരഞ്ഞെടുപ്പു കമ്മിഷനു എസ്ബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31ന് അകം ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു.