ഇലക്ടറല്‍ ബോണ്ട് കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ. കള്ളപ്പണം വെളുപ്പിക്കുവാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെയാണ് ഭരണഘടനാ വിരുദ്ധമെന്ന് കോടതി വിശേഷിപ്പിച്ചതെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. സിപിഎം നിലപാടിനെയാണ് കോടതി അംഗീകരിച്ചതെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മല്ലികാർജുൻ ഖാർഗെ. ഇലക്ടറല്‍ ബോണ്ടുകളെ തുടക്കം മുതൽ തന്നെ കോൺഗ്രസ് എതിർത്തുവെന്നും ചൂണ്ടിക്കാട്ടി. 2019ലെ പ്രകടനപത്രികയിൽ ഇലക്ടറല്‍ ബോർഡ് നിർത്തലാക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ച കാര്യവും കോൺഗ്രസ് അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി . ഇലക്ടറല്‍ ബോണ്ടുകൾ ജനാധിപത്യവിരുദ്ധം എന്ന് തുടക്കം മുതൽ തന്നെ കോൺഗ്രസ് പറഞ്ഞുവെന്നും ഫണ്ടിന്റെ 95 ശതമാനവും ലഭിച്ചത് ബിജെപിക്ക് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനാധിപത്യത്തെ തകർക്കുന്ന നിലപടുകളിൽ നിന്ന് കേന്ദ്രം പിന്മാറുമെന്ന് കരുതുന്നു എന്നും ഖാർഗെ എക്സിൽ കുറിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി കോടതി വിധി ചരിത്ര വിധിയാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു . കള്ളപണം വെളുപ്പിക്കാൻ ഉള്ള നീക്കം കോടതി തടഞ്ഞുവെന്നും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിനെ വിധി ബാധിക്കുമെന്ന് കരുതുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ അഴിമതി നിയമവിധേയമാക്കാനാണ് ഇലക്ടറല്‍ ബോണ്ട് കൊണ്ട് വന്നത് എന്നും അദ്ദേഹം പറഞ്ഞു. ആരാണ് പണം നൽകിയത് എന്ന് ഉടൻ വ്യക്തമാകുമെന്നും ഇതിനു എന്താണ് തിരിച്ചു നൽകിയത് എന്നും വ്യക്തമാകുമെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം മാത്രമാണ് ഇലക്ടറല്‍ ബോണ്ട് സ്വീകരിക്കാത്തത് എന്നും ഭൂരിഭാഗം ഇലക്ടറല്‍ ബോണ്ടുകളും പോയത് ബിജെപിയിലേക്ക് ആണെന്നും യെച്ചൂരി പറഞ്ഞു.