തിരഞ്ഞെടുപ്പ് തിരിച്ചടിയും സ്വർണ്ണക്കൊള്ളയും; പ്രതിരോധത്തിലായ സിപിഎം പാരഡി ഗാനത്തെ ഭയക്കുന്നുവോ?

Jaihind News Bureau
Wednesday, December 17, 2025

ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പാരഡി ഗാനം കേരളത്തില്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ്, ഗാനം നിയമനടപടികളിലേക്കും കേസുകളിലേക്കും നീങ്ങുന്നത്.”പോറ്റിയെ കേറ്റിയെ…’ എന്ന ഈ പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിക്കാനിടയാകുന്നത്. അതേസമയം, സമാന സ്വഭാവമുള്ള പരിഹാസ ഉള്ളടക്കങ്ങള്‍ മുന്‍കാലങ്ങളില്‍ സംപ്രേഷണം ചെയ്തപ്പോള്‍ പ്രശ്‌നമാകാതിരുന്നതെന്തെന്ന ചോദ്യമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. 2013 ല്‍ സിപിഎമ്മിന്റെ സ്വന്തം പാര്‍ട്ടി ചാനലില്‍ അയ്യപ്പഭക്തിഗാനത്തിന്റെ പരിഹാസ പതിപ്പ് സംപ്രേഷണം ചെയ്തിരുന്നു. അന്ന് ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ മതവികാരം വ്രണപ്പെട്ടുവെന്ന പരാതികളോ നിയമനടപടികളോ പൊതുമുഖത്ത് കണ്ടില്ല.

2013 ലെ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നതും ശ്രദ്ധേയമാണ്. ഒരേ തരത്തിലുള്ള പരിഹാസം അന്ന് സ്വീകാര്യമായിരുന്നുവെങ്കില്‍, ഇപ്പോള്‍ അത് കേസാകുന്നത് എന്തുകൊണ്ടാണെന്നതാണ് പ്രധാന ചോദ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയുണ്ടായതും, ഭരണപരാജയങ്ങളെച്ചൊല്ലിയുള്ള വിമര്‍ശനങ്ങളുമാണ് നിലവിലെ കടുത്ത പ്രതികരണത്തിന് പിന്നിലെന്ന് വിലയിരുത്താവുന്നതാണ്. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകാത്തതും, ഭരണത്തിലെ വീഴ്ചകള്‍ ചര്‍ച്ചയാകുന്നതുമാണ് പരിഹാസഗാനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കാന്‍ കാരണമായത്.

സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് പരിഹാസഗാനം വലിയ ജനശ്രദ്ധ നേടിയത്. അതോടൊപ്പം ഉയര്‍ന്ന നിയമനടപടികള്‍, അധികാരത്തെ ചോദ്യം ചെയ്യുന്ന വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയാണെന്ന ആരോപണവും ശക്തമാകുകയാണ്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും മതവികാര സംരക്ഷണത്തിന്റെയും അതിരുകള്‍ എവിടെയെന്ന ചോദ്യമാണ് ഈ വിവാദം വീണ്ടും മുന്നിലെത്തിക്കുന്നത്. ഒരേ ഉള്ളടക്കം ഒരിക്കല്‍ സ്വീകാര്യവും മറ്റൊരു സാഹചര്യത്തില്‍ കുറ്റകരവുമാകുന്നത് ഭരണകൂട നിലപാടുകളുടെ സ്ഥിരതയെക്കുറിച്ച് ഗുരുതരമായ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ശബരിമല പോലുള്ള വിശ്വാസപരമായ വിഷയങ്ങള്‍ രാഷ്ട്രീയ വിവാദങ്ങളുടെ കേന്ദ്രമായി മാറുമ്പോള്‍, നിയമവും പ്രതികരണങ്ങളും ഒരുപോലെ ബാധകമാകേണ്ടതിന്റെ ആവശ്യകതയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വീണ്ടും ചൂണ്ടിക്കാണിക്കുന്നത്.