ചെന്നൈ : തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കേരള ബിജെപിയെ പ്രതിസന്ധിയിലാക്കിയതിനിടെ തമിഴ്നാട്ടിലും ഫണ്ട് മുക്കല്‍ ആരോപണം. ബിജെപി മുൻ ദേശീയ സെക്രട്ടറിയും മുതിർന്ന നേതാവുമായ എച്ച് രാജ കോടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയതായാണ് ആരോപണം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജ പുതിയ വീട് നിര്‍മാണം തുടങ്ങിയതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ വഴി ലഭിച്ച കോടികളുടെ ഫണ്ട് രാജ മുക്കിയതായാണ് ആക്ഷേപം. നാലുകോടി രൂപയുടെ ഫണ്ട് എച്ച് രാജ മുഴുവനായും മുക്കിയതായും ഈ തുക സ്വന്തം വീട് നിർമാണത്തിന് ചെലവഴിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സഖ്യത്തിൽ 20 സീറ്റുകളില്‍ ബിജെപി മത്സരിച്ചെങ്കിലും നാലുപേർ മാത്രമാണ് വിജയിച്ചത്. തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് എൽ മുരുകൻ ഉൾപ്പെടെയുള്ളവർ തോറ്റു. കാരക്കുടിയില്‍ മത്സരിച്ച രാജയും പരാജയപ്പെട്ടു. കോടികളുടെ ഫണ്ട് ലഭിച്ചിട്ടും അതൊന്നും ചെലവഴിച്ചില്ലെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാജ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് പ്രവര്‍ത്തകര്‍ നിരന്തരം പരാതി പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ശിവഗംഗ ജില്ലാ പ്രസിഡന്റുള്‍പ്പെടെ നിരവധി ഭാരവാഹികള്‍ രാജിവെക്കുകയും ചെയ്തിരുന്നു.