തമിഴ്നാട് ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; എച്ച് രാജ കോടികള്‍ മുക്കിയെന്ന് ആരോപണം

Jaihind Webdesk
Monday, June 28, 2021

ചെന്നൈ : തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം കേരള ബിജെപിയെ പ്രതിസന്ധിയിലാക്കിയതിനിടെ തമിഴ്നാട്ടിലും ഫണ്ട് മുക്കല്‍ ആരോപണം. ബിജെപി മു​ൻ ദേ​ശീ​യ സെ​ക്ര​ട്ട​റി​യും മു​തി​ർ​ന്ന നേ​താ​വു​മാ​യ എ​ച്ച് രാ​ജ കോ​ടി​ക​ളു​ടെ തെരഞ്ഞെടുപ്പ് ഫ​ണ്ട്​ മു​ക്കി​യ​താ​യാ​ണ്​  ആ​രോ​പ​ണം.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രാജ പുതിയ വീട് നിര്‍മാണം തുടങ്ങിയതും വിവാദത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന കമ്മിറ്റികള്‍ വഴി ലഭിച്ച കോടികളുടെ ഫണ്ട് രാജ മുക്കിയതായാണ് ആക്ഷേപം. നാ​ലു​കോ​ടി രൂ​പ​യു​ടെ ഫ​ണ്ട്​ എ​ച്ച് രാ​ജ മു​ഴു​വ​നാ​യും മു​ക്കി​യ​താ​യും ഈ തു​ക സ്വ​ന്തം വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ ചെ​ല​വ​ഴി​ക്കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ണ്ണാ ഡിഎം​കെ സ​ഖ്യ​ത്തി​ൽ 20 സീ​റ്റു​ക​ളി​ല്‍​ ബി​ജെ​പി മ​ത്സ​രി​ച്ചെങ്കിലും നാ​ലു​പേ​ർ മാ​ത്ര​മാ​ണ്​ വി​ജ​യി​ച്ച​ത്. തമിഴ്നാട് സംസ്ഥാന  പ്ര​സി​ഡന്‍റ്​ എ​ൽ മു​രു​ക​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ തോ​റ്റു. കാരക്കുടിയില്‍ മത്സരിച്ച രാജയും പരാജയപ്പെട്ടു. കോ​ടി​ക​ളു​ടെ ഫ​ണ്ട്​ ല​ഭിച്ചിട്ടും അതൊന്നും​ ചെ​ല​വ​ഴി​ച്ചി​ല്ലെന്നാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. രാജ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന് പ്രവര്‍ത്തകര്‍ നിരന്തരം പരാതി പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ശിവഗംഗ ജില്ലാ പ്രസിഡന്‍റുള്‍പ്പെടെ നിരവധി ഭാരവാഹികള്‍ രാജിവെക്കുകയും ചെയ്തിരുന്നു.