തിരഞ്ഞെടുപ്പ് ആവേശം കെട്ടടങ്ങാതെ ‘സ്വർണം കട്ടവനാരപ്പാ’; വൈറൽ ഗാനം യു.കെയിലും തരംഗം

Jaihind News Bureau
Monday, December 15, 2025

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം കെട്ടടങ്ങാതെ കോൺഗ്രസും യു.ഡി.എഫും വിജയത്തിന്റെ സന്തോഷം തുടരുകയാണ്. പ്രചാരണ നാളുകളിൽ വലിയ തരംഗം സൃഷ്ടിച്ച ‘സ്വർണം കട്ടവനാരപ്പാ’ എന്ന വൈറൽ ഗാനമാണ് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും എങ്ങും അലയടിക്കുന്നത്. ഈ ഗാനം ഇടതുപക്ഷ സർക്കാരിനെതിരായ സ്വർണ്ണക്കടത്ത് ആരോപണങ്ങളെ ആക്ഷേപഹാസ്യ രൂപത്തിൽ അവതരിപ്പിച്ച ഒന്നായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ ജനവിധി ഇടത് സർക്കാരിന്റെ സ്വർണ്ണക്കൊള്ളയ്‌ക്കെതിരെയുള്ള വിധിയെഴുത്ത് കൂടിയായിരുന്നു എന്നാണ് കോൺഗ്രസ് – യു.ഡി.എഫ്. നേതൃത്വം വിലയിരുത്തുന്നത്.

‘സ്വർണം കട്ടവനാരപ്പാ’ എന്ന ഗാനം ഇപ്പോൾ കേരളത്തിന് പുറത്തും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. യു.കെ.യിൽ നിന്നുള്ള ഒരു കൂട്ടം യുവജനങ്ങൾ ഈ വൈറൽ ഗാനത്തിനൊപ്പം തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന വീഡിയോയാണ് നിലവിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വീഡിയോ വൻതോതിൽ വൈറലാവുകയും പാട്ടിന്റെ ജനകീയ സ്വാധീനം അന്താരാഷ്ട്ര തലത്തിലേക്ക് എത്തുകയും ചെയ്തു.