വിരോധാഭാസത്തിന്റെയും വിചിത്ര ന്യായീകരണങ്ങളുടെയും ഘോഷയാത്രയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനമെന്നും വോട്ടര്‍പട്ടിക ക്രമക്കേടുയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ അതില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമങ്ങളാണ് കമ്മീഷന്‍ നടത്തുന്നതെന്നും കെസി വേണുഗോപാല്‍ എംപി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുണ്ടായ ക്രമക്കേട് പുറത്തായതിലെ അസ്വസ്ഥതയും വെപ്രാളവുമാണ് വാര്‍ത്താസമ്മേളനത്തിലുടനീളം രാജ്യം കണ്ടത്. ബിജെപി കാര്യാലയത്തില്‍ നിന്ന എഴുതിത്തയ്യാറാക്കി നല്‍കിയ വെല്ലുവിളികളും ഭീഷണിയും മാത്രമാണ് കമ്മീഷന്റെ വാര്‍ത്താസമ്മേളനത്തില്‍ പ്രതിഫലിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടു. ബീഹാറിലെ എസ് ഐ ആര്‍ വിഷയത്തില്‍ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ വാദങ്ങളും പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു. വോട്ട് അട്ടിമറി, ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കുറ്റകരമായ മൗനം പാലിച്ചു. തിരഞ്ഞെടുപ്പിന് 3 മാസം മാത്രം ബാക്കിയുള്ളപ്പോള്‍ എസ് ഐ ആര്‍ നടപടികള്‍ക്ക് ഇത്ര ധൃതി കാണിച്ചത് എന്തിന്? ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മഹാരാഷ്ട്രയില്‍ 70 ലക്ഷത്തിലധികം വോട്ടര്‍മാരുടെ അപ്രതീക്ഷിത വര്‍ദ്ധനവ് എങ്ങനെ സംഭവിച്ചു? പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത് എന്തിന്? രാഹുല്‍ ഗാന്ധി നടത്തിയ വലിയ വെളിപ്പെടുത്തലുകളില്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ട്? ഇലക്ടറല്‍ റോളുകള്‍ പൊതു രേഖകളായിരിക്കെ, മെഷീന്‍ റീഡബിള്‍ ഇലക്ടറല്‍ റോളുകള്‍ സ്വകാര്യതയുടെ ലംഘനമായി ചിത്രീകരിക്കുന്നത് എങ്ങനെ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ബീഹാര്‍ എസ്.ഐ.ആര്‍ല്‍ നിന്ന് ഒഴിവാക്കിയ 65 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ വ്യക്തമായി പ്രസിദ്ധീകരിക്കാനും ആധാര്‍ വോട്ടര്‍ തിരിച്ചറിയല്‍ രേഖയായി അനുവദിക്കാനുമുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശക്തമായി എതിര്‍ത്തത് എന്തിനാണെന്ന് കമ്മീഷന്‍ മറുപടി പറയുന്നില്ല. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ മറുപടി പറയാതെ നിഷ്പക്ഷതയെ കുറിച്ച് പൊള്ളയായ അവകാശവാദം ഉന്നയിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടി ക്രമങ്ങള്‍ സുതാര്യതയുള്ളതാണെന്ന് പറയുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍, പിഴവുകളും ക്രമക്കേടുകളും ചൂണ്ടിക്കാട്ടിയ രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകകക്ഷിയുടെ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലയിലേക്ക് മാറ്റപ്പെട്ടത് നിര്‍ഭാഗ്യകരമാണ്. വോട്ടര്‍മാരുടെ വിശ്വാസം വീണ്ടെടുക്കാതെ സ്വയം വിശ്വാസ്യത തെളിയിക്കാനുള്ള പാഴ് ശ്രമമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനം എന്നും കെസി വേണുഗോപാല്‍ പറഞ്ഞു.