പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു; തെരഞ്ഞെടുപ്പ് തിയതി ആലോചിക്കാന്‍ യോഗം ഉടന്‍

Jaihind Webdesk
Friday, March 15, 2024

ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ചുമതലയേറ്റു. കേരള കേഡര്‍ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാര്‍, പഞ്ചാബ് കേഡറിലുള്ള മുന്‍ ഐ എസ് എസ് ഉദ്യോഗസ്ഥന്‍ ഡോ. സുഖ്ബീര്‍ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. തെരഞ്ഞെടുപ്പ് തിയതിയെക്കുറിച്ച് ആലോചിക്കാന്‍ ഉടന്‍
യോഗം ചേരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പുതിയ കമ്മീഷണര്‍മാരെ തിരഞ്ഞെടുത്തത്. ഇക്കാര്യം സമിതി അംഗമായ കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷിനേതാവ് ആധിര്‍ രഞ്ജന്‍ ചൗധരിയാണ് സ്ഥിരീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗമായ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ഒഴിവില്‍ പകരം തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിച്ചിരുന്നില്ല. അരുണ്‍ ഗോയലും കഴിഞ്ഞയാഴ്ച രാജിവെച്ച സാഹചര്യത്തില്‍ കമ്മീഷനില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ അരുണ്‍ ഗോയല്‍ രാജി വെച്ചതില്‍ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബിജെപി ടിക്കറ്റില്‍ മത്സരിക്കാനാണോ രാജിയെന്ന് കോണ്‍ഗ്രസ് ചോദിച്ചു.