തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവെച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി

Jaihind Webdesk
Saturday, March 9, 2024

 

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ​ഗോയൽ രാജിവെച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് രാജി. രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം ഇറക്കി. 2027 വരെ  കാലാവധി ഉണ്ടായിരിക്കെയാണ് രാജി. രാജിയുടെ കാരണം വ്യക്തമല്ല.

2022 നവംബർ 21-നാണ് അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറായിനിയമിച്ചത്. 1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഐഎസ് ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ.  മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലവില്‍ രണ്ടംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അരുണ്‍ ഗോയല്‍ രാജിവെച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമായി. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനൂപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ചിരുന്നു.