
കാട്ടാക്കടയിലെ ബിജെപി സ്ഥാനാർത്ഥി പി.കെ കൃഷ്ണദാസ് നടത്തിയ വിവാദ പ്രസംഗത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുയോഗത്തിലായിരുന്നു കൃഷ്ണദാസിന്റെ വിവാദ പരാമർശങ്ങൾ. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. പ്രസംഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടർനടപടികൾ സ്വീകരിക്കുന്നതിനായി കമ്മീഷൻ നിയമോപദേശവും തേടിയിട്ടുണ്ട്.
എൽ.ഡി.എഫും യു.ഡി.എഫും അധികാരത്തിൽ വന്നാൽ ഭരണം നിയന്ത്രിക്കുന്നത് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ലാമിയുമായിരിക്കുമെന്നായിരുന്നു കൃഷ്ണദാസിന്റെ പ്രധാന ആരോപണം. പാകിസ്ഥാൻ അനുകൂല സംഘടനകൾ കേരളത്തിൽ ‘ലൗ ജിഹാദിനെ’ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ഹിന്ദു-ക്രൈസ്തവ പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുകയും അവരെ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുമെന്ന കൃഷ്ണദാസിന്റെ വാക്കുകളാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഇത്തരത്തിലുള്ള വർഗീയ വിഭജന നീക്കങ്ങൾക്ക് ഇരുമുന്നണികളും ഒത്താശ ചെയ്യുന്നുണ്ടെന്നും കേരളം വലിയൊരു അപകടാവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസംഗം പെരുമാറ്റച്ചട്ട ലംഘനമാണെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന ഇടപെടൽ.