
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക വോട്ട് വിഹിതം പുറത്തുവന്നപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം വ്യക്തമാകുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 29.17 ശതമാനം വോട്ട് വിഹിതവുമായി കോണ്‍ഗ്രസ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. ഭരണസ്വാധീനവും മെഷിനറിയും ഉപയോഗിച്ചിട്ടും സി.പി.എമ്മിന് 27.16 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ.
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ 30 ശതമാനത്തിലേറെ വോട്ട് വിഹിതം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ കോണ്‍ഗ്രസ് അപ്രമാദിത്വം ഉറപ്പിച്ചു. എന്നാല്‍ സി.പി.എമ്മിന് വെറും രണ്ട് ജില്ലകളില്‍ (കണ്ണൂര്‍, പാലക്കാട്) മാത്രമാണ് 30 ശതമാനത്തിന് മുകളില്‍ വോട്ട് നേടാനായത്.
യു.ഡി.എഫിന്റെ കരുത്തായ മുസ്ലിം ലീഗ് 9.77 ശതമാനം വോട്ട് വിഹിതം നേടി വലിയ നേട്ടമുണ്ടാക്കി. മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ലീഗ് ഉജ്ജ്വല വിജയമാണ് കാഴ്ചവെച്ചത്. ഇതോടെ യു.ഡി.എഫിന്റെ ആകെ വോട്ട് വിഹിതം ഭരണമുന്നണിയേക്കാള്‍ ബഹുദൂരം മുന്നിലെത്തി.
വന്‍ അവകാശവാദങ്ങളുമായി എത്തിയ ബി.ജെ.പിക്ക് കേരളത്തില്‍ ഒരിടത്തും 30 ശതമാനം വോട്ട് തികയ്ക്കാനായില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മികച്ച വിജയം നേടിയെങ്കിലും ജില്ലയില്‍ ആകെ 20 ശതമാനത്തിന് മുകളില്‍ വോട്ട് നേടാന്‍ മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. സംസ്ഥാനാടിസ്ഥാനത്തില്‍ വെറും 14.76 ശതമാനം വോട്ട് മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
പാര്‍ട്ടി വോട്ട് വിഹിതം (%)
കോണ്‍ഗ്രസ് -29.17
സി.പി.എം- 27.16
ബി.ജെ.പി- 14.76
മുസ്ലിം ലീഗ്- 9.77
സി.പി.ഐ- 5.58
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ലഭിക്കാന്‍ പോകുന്ന വന്‍ വിജയത്തിന്റെ വിളംബരമാണ് ഈ കണക്കുകളെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.