
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കത്തില്‍ ബിജെപിയുടെ സീല്‍ വന്ന സംഭവത്തില്‍ അന്വേഷണം നടത്തി ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തുനല്‍കി.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയും സുതാര്യതയേയും നേരിട്ട് ബാധിക്കുന്ന വിഷമാണിത്. ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ ബാഹ്യയിടപെടല്‍ വ്യക്തമാക്കുന്നതാണിത്. ക്ലെറിക്കല്‍ പിഴവാണെന്ന കമ്മീഷന്റെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല. ഈ വിഷയത്തെ ലഘൂകരിക്കുന്നതിനാണ് കമ്മീഷന് ശ്രമിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സംവിധാനങ്ങള്‍ ബിജെപിയുടെ സ്വാധീനത്തിന് വിധേയമാണെന്ന ഞങ്ങളുടെ സംശയം ബലപ്പെടുത്തുന്നതാണ് ഈ സംഭവം. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് ഔദ്യോഗിക രേഖയില്‍ ബിജെപിയുടെ സീല്‍ പ്രത്യക്ഷപ്പെട്ടത്. ഔദ്യോഗികമായ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനാസ്ഥയും അലംഭാവവുമാണ് ഇതിലൂടെ പ്രകടമായതെന്നും കത്തില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.