പെരുമാറ്റച്ചട്ട ലംഘനം വോട്ടർമാർക്കു തന്നെ തടയാം; സി വിജിൽ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Jaihind Webdesk
Monday, March 11, 2019

തെരഞ്ഞെടുപ്പിനിടെ മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് വോട്ടർമാർക്കു തന്നെ തടയാം. ഇതിനായി സി വിജിൽ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. സി വിജിൽ എന്നാൽ ‘സിറ്റിസെൻസ് വിജിൽ’ എന്നാണ്.

പരീക്ഷണാടിസ്ഥാനത്തിൽ ബെംഗളൂരു തെരഞ്ഞെടുപ്പിൽ സി-വിജിൽ ഉപയോഗിച്ചിരുന്നു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ ആപ്പിന്‍റെ സേവനം ഉപയോഗിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനിടെ ഉണ്ടാകുന്ന ക്രമക്കേടുകൾ പൊതുജനങ്ങൾക്ക് നേരിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയിൽപ്പെടുത്താൻ ഇതിലൂടെ കഴിയുമെന്ന് വാർത്ത സമ്മേളനത്തിനിടെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വ്യക്തമാക്കി.

ചട്ടലംഘനം കാണുന്ന സമയത്ത്തന്നെ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ നേരിട്ടെത്താതെ മിനിട്ടുകൾക്കുള്ളിൽ പരാതി നൽകാൻ ഈ ആപ്പിലൂടെ കഴിയും. ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അതിന്‍റെ ഫോട്ടോയോ വീഡിയോ എടുത്ത് ഈ ആപ്പിൽ അപ്പ് ചെയ്താൽ മതി. ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഉപയോഗിച്ച് ഓട്ടോമേറ്റിക് ആയിത്തന്നെ ചട്ടലംഘനം നടന്ന സ്ഥലം കണ്ടെത്താനാകും.

ഇത് വിജയകരമായി അപ്പ് ചെയ്ത് കഴിയുന്നതോടെ ഒരു യുണീക് ഐഡി ലഭിക്കും. ഇതിലൂടെ ഇതിന്‍റെ ഫോളോപ്പ് മൊബൈലിൽ തന്നെ ട്രാക്ക് ചെയ്യാൻ കഴിയും. ഒരാൾക്ക് ഒന്നിലധികം ചട്ടലംഘനം റിപ്പോർട്ട് ചെയ്യാൻ കഴിയും. ഓരോന്നിനും ഓരോ യുണീക്ക് ഐഡി ലഭിക്കും. പരാതിക്കാരന്‍റെ ഐഡന്‍റിറ്റി രഹസ്യമായി തന്നെ സൂക്ഷിക്കും. ആപ്പിന്‍റെ ദുരുപയോഗം തടയുന്നതിനുള്ള ഫീച്ചറുകൾ ഇതിൽ തന്നെയുണ്ട്.